
പ്രതീക്ഷിക്കാതെ വിരുന്നെത്തിയ പെരുമഴയും നേരത്തെയെത്തുന്ന മണ്‍സൂണും പൈനാപ്പിള്‍ വിലയെ കുത്തനെ ഇടിച്ചു. മൂന്നുവര്‍ഷത്തെ കുറഞ്ഞ നിലയിലേക്ക് പൈനാപ്പിള്‍ വില കൂപ്പുകുത്തിയതോടെ വലിയ തുക മുടക്കി കൃഷി നടത്തിയവരും പ്രതിസന്ധിയിലായി. 2021ന് ശേഷമുള്ള നിലയിലാണ് പൈനാപ്പിള്‍ വില.
സംസ്ഥാനത്തെ പൈനാപ്പിള്‍ മാര്‍ക്കറ്റായ വാഴക്കുള്ളത്ത് ഒരു കിലോ പൈനാപ്പിള്‍ പഴുത്തതിന് 21 രൂപയാണ് വില. സ്‌പെഷ്യല്‍ ഗ്രേഡിന് 26 രൂപയും പച്ചയ്ക്ക് 24 രൂപയുമാണ് വില. കഴിഞ്ഞ ദിവസത്തേക്കാള്‍ ഏഴു ശതമാനത്തോളം വില കുറഞ്ഞു. മാര്‍ച്ച് വരെ ഭേദപ്പെട്ട വില കിട്ടിയിടത്തു നിന്നാണ് ഈ മാറ്റം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ചൂടായിരുന്നു. ഇത് ഉത്പാദനം വലിയ തോതില്‍ ഇടിച്ചു. എന്നാല്‍ ഇത്തവണ അനുകൂല കാലാവസ്ഥയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ചതും പൈനാപ്പിള്‍ ലഭ്യത വര്‍ധിക്കാന്‍ കാരണമായി.
വിപണിയിലേക്ക് വരവ് കൂടിയതും മഴമൂലം വില്പന ഇടിഞ്ഞതുമാണ് വില താഴാന്‍ കാരണം. സാധാരണ ഗതിയില്‍ ഏപ്രില്‍, മെയ് മാസങ്ങള്‍ പൈനാപ്പിള്‍ വില്പന ഉയര്‍ന്നു നില്ക്കുന്ന സമയമാണ്. കടുത്ത മഴ എല്ലാ പ്രതീക്ഷകളെയും താറുമാറാക്കി.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സ്‌പെഷ്യല്‍ ഗ്രേഡിന് 42 രൂപയായിരുന്നു വില. പച്ചയ്ക്ക് 40ഉം പഴുത്തതിന് 44 രൂപയും മൊത്ത മാര്‍ക്കറ്റില്‍ വില ലഭിച്ചിരുന്നു. കര്‍ഷകരെ സംബന്ധിച്ച് മികച്ച വിലയാണിത്. വരുമാനം ഉയര്‍ന്നതോടെ ഇത്തവണ കൂടുതല്‍ പേര്‍ പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
കേരളത്തില്‍ പൈനാപ്പിള്‍ കൃഷിയുടെ ഏറിയപങ്കും എറണാകുളത്തെ വാഴക്കുളത്താണ്. ഇവിടെ നിന്നാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വില്‍പന നടക്കുന്നത്. ഇപ്പോഴത്തെ മഴ രാജ്യവ്യാപകമായി ലഭിക്കുന്നതും കച്ചവടം കുറയാന്‍ ഇടയാക്കി.
ഹൈറേഞ്ചിലും ലോറേഞ്ചിലും സംസ്ഥാനത്തെ മലയോര മേഖലകളിലും പൈനാപ്പിള്‍ കൃഷി വ്യാപകമാകുന്നുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഏറെയാണ്. ഏക്കറിന് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചെലവ്.
Read DhanamOnline in English
Subscribe to Dhanam Magazine