
ഒരു മാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് പൈനാപ്പിള്‍ വില ഉയര്‍ന്നു. മെയ് മാസത്തില്‍ കിലോയ്ക്ക് 20 രൂപയില്‍ താഴെ പോയിരുന്നു. ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞതോടെ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാന്‍ കര്‍ഷകരും നിര്‍ബന്ധിതരായിരുന്നു. നിലവില്‍ പച്ചയ്ക്ക് 47 രൂപയും പഴുത്തതിന് 59 രൂപ നിരക്കിലുമാണ് ഹോള്‍സെയില്‍ വില്പന.
ഉത്തരേന്ത്യന്‍ വിപണികളില്‍ നിന്ന് ഡിമാന്‍ഡ് ഉയര്‍ന്നതാണ് വിലയിലും പ്രതിഫലിക്കുന്നത്. എന്നാല്‍, വില കൂടിയപ്പോള്‍ കര്‍ഷകരുടെ അടുത്ത് ആവശ്യത്ത് പൈനാപ്പിള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അപ്രതീക്ഷിതമായി എത്തിയ മഴയും ഇന്ത്യ-പാക് സംഘര്‍ഷവും വിലയില്‍ പ്രതിഫലിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആളനക്കം കുറഞ്ഞത് പൈനാപ്പിള്‍ ഡിമാന്‍ഡ് കുറയുന്നതിന് ഇടയാക്കി. സാധാരണ മെയ് മാസം പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സമയമാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിനൊപ്പം കനത്ത മഴ രാജ്യവ്യാപകമായി പെയ്തത് വില്പന താഴ്ത്തി.
ഇത്തവണ മാമ്പഴ വിളവെടുപ്പ് കൂടിയതും പൈനാപ്പിള്‍ ആവശ്യകത താഴ്ത്തി. കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കടുത്ത ചൂട് മൂലം ഉത്പാദനം തീര്‍ത്തും കുറവായിരുന്നു. എന്നാല്‍ ഇത്തവണ ഉത്പാദനം ഇരട്ടിയായി. ഉത്പാദനം കൂടിയതിനനുസരിച്ച് ഡിമാന്‍ഡ് കൂടാതിരുന്നതോടെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വന്നു.
മെയ് 26ന് പൈനാപ്പിള്‍ പഴത്തിന്റെ വില വെറും 18 രൂപയായിരുന്നു. പച്ചയ്ക്ക് 22 രൂപയും. ഇവിടെ നിന്നാണ് ഒരു മാസത്തിനിപ്പുറം വില വലിയ തോതില്‍ ഉയര്‍ന്നത്. ഇന്ന് പൈനാപ്പിള്‍ പഴത്തിന്റെ വില കിലോയ്ക്ക് 60 രൂപയാണ്. പച്ചയുടെ വില കിലോയ്ക്ക് 47 രൂപയും. സ്‌പെഷ്യല്‍ ഗ്രേഡിന് 49 രൂപയാണ് ഇന്നത്തെ വില.
പൈനാപ്പിള്‍ വില ഇനിയും ഉയരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. പൈനാപ്പിള്‍ ലഭ്യത കുറഞ്ഞു നില്‍ക്കുന്നതാണ് കാരണം. ഇനിയും രണ്ടു മാസമെങ്കിലും കാത്തിരുന്നാലേ കൂടുതല്‍ പൈനാപ്പിള്‍ മാര്‍ക്കറ്റിലെത്തുകയുള്ളൂ.
കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ ഹബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്. പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേരാണ് പ്രവര്‍ത്തിക്കുന്നത്.
തൊഴിലാളികള്‍ കൂടുതലായി വരുന്നത് ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്നാണ്. വാഴക്കുളത്ത് മാത്രം ചെറുതും വലുതുമായി 2,500ലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine