കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് റഷ്യന്‍ 'സമ്മാനം' അരികെ; 4,000 കോടി രൂപയുടെ ഡീല്‍ വൈകില്ല

കഴിഞ്ഞ രണ്ടുമാസത്തിനിടെ 1,500 കോടി രൂപയുടെ കരാറാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചത്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് റഷ്യന്‍ 'സമ്മാനം' അരികെ; 4,000 കോടി രൂപയുടെ ഡീല്‍ വൈകില്ല
Published on

റഷ്യയ്ക്ക് ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിക്കാനുള്ള കരാറിനരികെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 4,000 കോടി രൂപയുടേതാകും കരാര്‍. റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയായ റോസറ്റോമിന്റെ (ROSATOM) ആവശ്യങ്ങള്‍ നിരവേറ്റുന്നതിനാണ് ഈ കരാര്‍.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സ്വാന്‍ എനര്‍ജിയും സംയുക്തമായാണ് കരാറിനായി പരിശ്രമിക്കുന്നത്. കഴിഞ്ഞ മാസം ഷിപ്പ് യാര്‍ഡിന്റെയും സ്വാനിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും എത്രയും പെട്ടെന്ന് കപ്പലുകളുടെ നിര്‍മാണം തുടരണമെന്നാണ് റഷ്യയുടെ ആവശ്യമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സാധാരണ സഞ്ചാരപഥത്തില്‍ മഞ്ഞ് തകര്‍ക്കാനും അതുവഴി യാത്ര സുഗമമാക്കാനുമാണ് ഐസ് ബ്രേക്കര്‍ കപ്പലുകള്‍ ഉപയോഗിക്കുന്നത്. വടക്കന്‍ സമുദ്ര മേഖലകളിലെ സഞ്ചാരത്തിനാകും ഈ കപ്പലുകള്‍ റഷ്യ ഉപയോഗിക്കുക. സമുദ്രങ്ങളിലെ ദുരന്ത നിവാരണത്തിനും മറ്റും നിര്‍ണായക പങ്കാണ് ഇത്തരം അത്യാധുനിക കപ്പലുകള്‍ക്കുള്ളത്. വടക്കന്‍ യൂറോപ്പിനും കിഴക്കന്‍ ഏഷ്യയ്ക്കുമിടയില്‍ കപ്പല്‍ യാത്ര വേഗത്തിലാക്കാനും ഇതുവഴി റഷ്യയ്ക്ക് സാധിക്കും.

കരാര്‍ മൂന്നുമാസത്തിനകം

കപ്പലുകളുടെ ടെക്‌നോളജി, ചെലവ്, നിര്‍മാണം പൂര്‍ത്തിയാക്കേണ്ടുന്ന കാലയളവ് തുടങ്ങിയ കാര്യങ്ങളില്‍ മൂന്നു മാസത്തിനകം തീരുമാനമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഐസ് ബ്രേക്കര്‍ കപ്പലുകള്‍ നിര്‍മിക്കാനായി പ്രത്യേകം സ്റ്റീല്‍ ആവശ്യമാണ്. ഇത് ഇന്ത്യയില്‍ ലഭ്യമല്ല. ചൈനയില്‍ നിന്ന് ഇത്തരം സ്റ്റീല്‍ റഷ്യ വാങ്ങി ഇന്ത്യയ്ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷിപ്പ്‌യാര്‍ഡിന് കൈനിറയെ ഓര്‍ഡറുകള്‍

കഴിഞ്ഞ രണ്ടുമാസത്തിനിടെ 1,500 കോടി രൂപയുടെ കരാറാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചത്. ഇന്ത്യന്‍ നേവിയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും ഡ്രൈഡോക്കിംഗിനുമായാണ് 1,000 കോടി രൂപയുടെ ഈ കരാര്‍. അഞ്ചു മാസമാണ് പദ്ധതിയുടെ കാലയളവ്. ഹാര്‍ബര്‍ ടഗ്ഗുകള്‍ നിര്‍മിക്കാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്‌സ് 450 കോടി രൂപയുടെ കരാറും കപ്പല്‍നിര്‍മാണശാലയ്ക്ക് നല്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com