Begin typing your search above and press return to search.
ഇ.വി സബ്സിഡി അവസാനിപ്പിക്കും! വില കൂടുമെന്ന് ആശങ്ക, പമ്പുകളിലും ഓഫീസുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍, അടിമുടി മാറ്റത്തിന് കേന്ദ്രം
നിലവിലെ ഫെയിം (FAME) പദ്ധതി കഴിഞ്ഞാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇ.വി കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ധാരണയായതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നേരത്തെ കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതേസമയം, പദ്ധതി അവസാനിപ്പിക്കുന്നത് ഇ.വി വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുമെന്നും വില്‍പ്പന കുറയുമെന്നുമുള്ള ആശങ്കയും ശക്തമായിട്ടുണ്ട്.
എന്താണ് ഫെയിം പദ്ധതി
ഇ.വികളുടെ വില്‍പ്പനയും തദ്ദേശീയമായ ഉത്പാദനവും പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം). ഇ.വി ടൂ വീലറുകള്‍, ത്രീ വീലറുകള്‍, ആംബുലന്‍സുകള്‍, ട്രക്കുകള്‍ തുടങ്ങിയവ വാങ്ങുമ്പോള്‍ പദ്ധതിയുടെ ഭാഗമായി സബ്‌സിഡി ലഭിക്കും. ഇതിന് പുറമെ ഇ-ബസുകള്‍ വാങ്ങുന്നതിനും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും സബ്‌സിഡി ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച നിലവിലെ പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കും. അതിന് ശേഷം വാങ്ങുന്നവര്‍ക്ക് സബ്‌സിഡിയുണ്ടാകില്ല.
പദ്ധതി നിറുത്തുമ്പോള്‍ എന്ത് സംഭവിക്കും?
ഫെയിം പദ്ധതി നിറുത്തുന്നത് ഇ.വി വിപണിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇക്കൊല്ലം ഇ.വികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം സബ്‌സിഡി കൂടി നിറുത്തലാക്കുന്നത് വീണ്ടും വണ്ടി വില വര്‍ധിപ്പിക്കും. ഉപയോക്താക്കളിലേക്കായിരിക്കും ഈ ഭാരമെത്തുക. ബജറ്റ് വിലയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സബ്സിഡിയില്ലാത്ത ഇവികള്‍ സ്വന്തമാക്കുമോ എന്ന കാര്യത്തില്‍ കമ്പനികള്‍ക്കും ആശങ്കയുണ്ട്. ഗ്രാമീണ മേഖലകളിലും ചെറുനഗരങ്ങളിലും ഇവികളുടെ വില്‍പ്പനയെ കാര്യമായി സ്വാധീനിക്കാന്‍ തീരുമാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. ഉത്പാദന ചെലവ് കുറച്ച് പോക്കറ്റിനിണങ്ങുന്ന മോഡലുകള്‍ വിപണിയിലെത്തിച്ചാലേ ഇതിനെ മറികടക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് കഴിയൂ. ഇ.വി സബ്‌സിഡി നിറുത്തിയതിന് ശേഷമുള്ള മാസങ്ങളിലെ വില്‍പ്പന കുറഞ്ഞത് വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
10,763 ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സബ്‌സിഡി നല്‍കുന്നതിനേക്കാള്‍ ഇ.വി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയാണ് വേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. നിരത്തുകളിലെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ് ഭൂരിഭാഗം ഇവി ഉപയോക്താക്കളുടെയും ആശങ്കയാണ്. ഇത് പരിഹരിക്കാന്‍ രാജ്യത്ത് 10,763 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് കീഴിലും ഓഫീസ് സമുച്ചയങ്ങളിലും പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ വിശദീകരിച്ചു. ഇത്തരം സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഓട്ടോമൊബൈല്‍, ബാറ്ററി കമ്പനികള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി പ്ലാറ്റ്‌ഫോമും ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
Videos