ഇ-കൊമേഴ്‌സുകളുടെ വളര്‍ച്ചയില്‍ 'ജാഗ്രത' ; പീയുഷ് ഗോയലിന്റേത് കേന്ദ്രസര്‍ക്കാര്‍ നയംമാറ്റ സൂചന?

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സക്രിയമായതോടെ ചെറുകിട നഗരങ്ങളിലടക്കം ചില്ലറ വില്പനശാലകളില്‍ കച്ചവടം കുറഞ്ഞിരുന്നു
ecommerce and piyush goyal minister
Image Courtesy: x.com/PiyushGoyal, Canva
Published on

ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്‍ കമ്പനികളുടെ കടന്നുകയറ്റം പരമ്പരാഗത ചെറുകിട വ്യാപാര മേഖലയില്‍ വലിയ തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നുവെന്ന വിമര്‍ശനവുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. പഹ്‌ല ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഇന്ത്യയിലെ തൊഴില്‍, ഉപഭോക്തൃ ക്ഷേമത്തില്‍ ഇ-കൊമേഴ്‌സിന്റെ സ്വാധീനം എന്ന വിഷയത്തില്‍ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയംമാറ്റത്തിന്റെ സൂചനകള്‍

ഇ-കൊമേഴ്‌സ് കമ്പനികള്‍ ശക്തി പ്രാപിച്ചതോടെ രാജ്യത്ത് ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ പലതും പൂട്ടിപ്പോകുന്നുവെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. വിപണി പിടിക്കാന്‍ വലിയ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തമ്മില്‍ മല്‍സരമുണ്ട്. ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ വില്പന നടത്തുന്ന വമ്പന്മാരോട് മല്‍സരിക്കാനാകാതെ ചെറുകിട കച്ചവടക്കാര്‍ കളമൊഴിയാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ഇടക്കാലത്ത് ഇ-കൊമേഴ്‌സ് വമ്പന്മാര്‍ക്കെതിരേ രംഗത്തു വന്നിരുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളേക്കാള്‍ അധികമാണ് ഇവര്‍ ചില്ലറ വില്പനമേഖലയില്‍ നടത്തുന്ന കാര്‍ന്നു തീറ്റയെന്നായിരുന്നു സംഘടനയുടെ പ്രധാന വിമര്‍ശനം.

പീയുഷ് ഗോയലിന്റെ പുതിയ പരാമര്‍ശനങ്ങള്‍ കേന്ദ്രം ഇ-കൊമേഴ്‌സുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സക്രിയമായതോടെ ചെറുകിട നഗരങ്ങളിലടക്കം ചില്ലറ വില്പനശാലകളില്‍ കച്ചവടം കുറഞ്ഞിരുന്നു. ഈ മേഖലയില്‍ ജോലിയെടുക്കുന്ന താഴ്ന്ന വരുമാനക്കാരായ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റമെന്ന സൂചന മന്ത്രിയുടെ വാക്കുകളിലുണ്ട്.

ഇ-കൊമേഴ്‌സില്‍ ആശങ്ക

സമീപഭാവിയില്‍ ഇന്ത്യന്‍ വിപണിയുടെ പകുതിയിലേറെയും ഇ-കൊമേഴ്‌സ് ശൃംഖലയുടെ ഭാഗമാകുന്നതിനെ 'ആശങ്കയുണര്‍ത്തുന്ന കാര്യം' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ പ്രാദേശികമായ മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകള്‍, ഫാര്‍മസികള്‍ എന്നിവ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ആമസോണ്‍ പോലുള്ള കമ്പനികള്‍ രാജ്യത്ത് കോടികള്‍ നിക്ഷേപിക്കുമ്പോഴും അത് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കോ തൊഴില്‍ സൃഷ്ടിക്കോ കാര്യമായ സംഭാവന നല്‍കുന്നില്ലെന്ന വിമര്‍ശനവും പീയുഷ് ഗോയല്‍ നടത്തി. രാജ്യത്ത് തൊഴില്‍നഷ്ടം ഇ-കൊമേഴ്‌സിന്റെ അതിവ്യാപനം മൂലം വര്‍ധിക്കുന്നുവെന്നത് കേന്ദ്രം ഗൗരവമായിട്ടാണ് കാണുന്നതെന്ന സൂചനകളാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്.

ആദ്യ രണ്ട് ടേമിലും മോദി സര്‍ക്കാര്‍ വന്‍കിട നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗ്രാമീണ മേഖലയിലെ സാമ്പത്തിക അസമത്വവും ഇടത്തരക്കാരുടെ രോഷവും നയംമാറ്റത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുവെന്ന സൂചനകളാണ് ആദ്യ മൂന്നുമാസം നല്‍കുന്ന ചിത്രം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com