
മുംബൈയിലെ അര ഡസൻ ബീച്ചുകളിൽ വിന്യസിക്കുന്നതിനായി തുര്‍ക്കി കമ്പനിയില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന റോബോട്ടിക് ലൈഫ് ബോയ്‌കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ലൈഫ് ഗാർഡുകളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ റോബോട്ടിക് ലൈഫ്‌ബോയ്‌കൾ. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍, പാക്കിസ്ഥാനെ തുര്‍ക്കി പിന്തുണച്ചിരുന്നു.
മുങ്ങിമരിക്കുന്നവരിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിനും തിരച്ചിൽ പ്രവർത്തനങ്ങളിലുമാണ് ഇവ ഉപയോഗിക്കുന്നത്. ഗിർഗാവ് ചൗപാട്ടി, ദാദറിലെ ശിവാജി പാർക്ക്, ജുഹു, വെർസോവ, അക്സ, ഗൊറായി ബീച്ചുകളിലാണ് ഈ റോബോട്ടുകളെ വിന്യസിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
ഇരട്ട വാട്ടർ ജെറ്റുകളും 10,000 mAh റീചാർജ് ചെയ്യാവുന്ന ബാറ്ററിയുമാണ് റോബോട്ടിക് ലൈഫ്ബോയികള്‍ക്കുളളത്. 200 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുളള റോബോട്ടുകളെ റിമോട്ടിലൂടെ പ്രവർത്തിക്കാന്‍ സാധിക്കും. ഒരു തവണ ചാർജ് ചെയ്താൽ ഒരു മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടിന് കടലിൽ 800 മീറ്റർ വരെ 18 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരില്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും വ്യോമതാവളങ്ങള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കതിരെ പാക്കിസ്ഥാന്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളാണ് ഉപയോഗിച്ചത്. റജബ് തയ്യിബ് എർദോഗന്റെ നേതൃത്വത്തിലുളള സർക്കാർ ഇന്ത്യന്‍ നടപടികളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത പൊതുജനരോഷമാണ് ഇന്ത്യയിലുണ്ടായത്. തുര്‍ക്കിയുമായി വ്യാപാര ബന്ധം നിലനിര്‍ത്തുന്നതില്‍ കടുത്ത അതൃപ്തിയാണ് ജനങ്ങള്‍ പങ്കുവെച്ചത്. തുര്‍ക്കി കമ്പനികളുമായി ഒരു തരത്തിലുളള സഹകരണവും ആവശ്യമില്ലെന്ന വികാരമാണ് രാജ്യത്തുളളത്.
ഈ സാഹചര്യത്തില്‍, തുര്‍ക്കി കമ്പനിയില്‍ നിന്ന് റോബോട്ടുകള്‍ വാങ്ങാനുളള ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പാണ് ബിജെപി, ശിവസേന പാര്‍ട്ടികളില്‍ നിന്നുണ്ടായത്. തദ്ദേശീയ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. തുര്‍ക്കി കമ്പനിയുമായുളള ഇടപാടില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന്, മുംബൈയിലെ ബീച്ചുകളിൽ റോബോട്ടിക് ലൈഫ് ബോയ്‌കളെ വിന്യസിക്കാനുളള പദ്ധതി നടപ്പാകാന്‍ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരും.
Mumbai Corporation cancels plan to procure Turkish robotic lifebuoys over political tensions.
Read DhanamOnline in English
Subscribe to Dhanam Magazine