സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു പോര്‍ട്ടലില്‍, വിശദപദ്ധതിരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതി സജീവമാക്കുന്നു. പൗരന്റെ ജനനം മുതലുളള എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ പദ്ധതിയുടെ വിശദരേഖ തയ്യാറാക്കുന്ന ഘട്ടമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നടപടികൾ ആരംഭിക്കുന്നതിന് വൈകിയതിനാൽ പദ്ധതിക്ക് പ്രാഥമികമായി അനുവദിച്ച 2.03 കോടി രൂപ നേരത്തെ മടക്കി നല്‍കിയിരുന്നു.
പദ്ധതി സംബന്ധിച്ച വിശദരേഖ തയ്യാറാക്കാന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാർട്ട് ഗവൺമെന്റിന് 32 ലക്ഷം രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്.
സർക്കാർ സേവനങ്ങൾക്കായി വിവിധ പോർട്ടലുകളെ ആശ്രയിക്കുന്നതിന് പകരം എല്ലാ സേവനങ്ങളും ഒറ്റ പോർട്ടലില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ പോർട്ടലുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും 81 വകുപ്പുകളിലെ തൊള്ളായിരത്തോളം സേവനങ്ങളാണ് നിലവില്‍ ലഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ കുറച്ച് വിഭാഗം സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമില്‍ സംയോജിപ്പിച്ചശേഷം പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. ഡിജിറ്റൽ സേവനങ്ങൾ, ആധാർ സേവനങ്ങൾ, പേമെന്റ് ഗേറ്റ്‌വേ, നോട്ടിഫിക്കേഷൻ സേവനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ചാകും പദ്ധതി നടപ്പാക്കുക.
Related Articles
Next Story
Videos
Share it