നഷ്ടത്തിലായ റബര്‍ മാറ്റി പൈനാപ്പിള്‍ നട്ടു; പിന്നാലെ വില ഇടിഞ്ഞു: കടക്കെണിയില്‍ കര്‍ഷകര്‍
കേരളത്തില്‍ റബര്‍ നഷ്ടത്തിലായതോടെ നിരവധി കര്‍ഷകരാണ് പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞതോടെ നൂറുകണക്കിന് കര്‍ഷകര്‍ ഇന്ന് ദുരിതത്തിലാണ്. കിലോയ്ക്ക് 40 മുതല്‍ 50രൂപ വരെ ഉണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോള്‍ 15 രൂപ മാത്രമാണ് ലഭിക്കുന്നത്. രണ്ടുമാസത്തിലേറെയായി ഈ വിലയിടിവ് തുടങ്ങിയിട്ട്. ദിനംപ്രതി ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചുവരുന്നതിനിടെയാണ് വിലയിടിവ്. ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാതായതോടെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്.
വിലയിടിയാന്‍ കാരണങ്ങളേറെ
റബര്‍ നഷ്ടത്തിലായതോടെ പൈനാപ്പിള്‍ കൃഷി വ്യാപകമായതാണ് വിപണിയില്‍ വിലയിടിയാനുള്ള പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം മൂലം പൈനാപ്പിള്‍ വില്‍പ്പനയും കുറഞ്ഞു. മറ്റ് ചില സംസ്ഥാനങ്ങളിലെല്ലാം പൈനാപ്പിള്‍ കൃഷി വ്യാപകമായതും കേരളത്തില്‍ നിന്നുള്ള പൈനാപ്പിളിന്റെ ഡിമാന്റ് കുറച്ചു. മുംബൈ, ചെന്നൈ, ബംഗളൂരു, ഗോവ, അഹമ്മദാബാദ്, പൂനെ, ഡല്‍ഹി തുടങ്ങിയ വിപണികളിലേക്കായിരുന്നു ഇവിടെനിന്നുള്ള പൈനാപ്പിള്‍ കയറ്റിവിട്ടിരുന്നത്. ഈ വിപണികളിലും പൈനാപ്പിളിന് വില ഇടിഞ്ഞിരിക്കുകയാണ്.
വളത്തിന്റെ വില ക്രമാതീതമായി വര്‍ധിച്ചതും തിരിച്ചടിയായി. വിളവെടുപ്പു പൂര്‍ത്തിയാക്കിയ ശേഷം പൈനാപ്പിള്‍ ചെടികള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ നിരോധനത്തോടെ ഇത് നശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിലയിടിവ് നിരവധി കര്‍ഷകരെ ഇതിനോടകം കടക്കെണിയിലേക്ക് നയിച്ചു. നിലവില്‍ സംസ്ഥാനത്ത് 28,775 ഏക്കര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി നടക്കുന്നുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. എന്നാല്‍ 50,000 ഏക്കറോളം കൃഷിയുണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റാണ് എറണാകുളം ജില്ലയിലെ വാഴക്കുളം. കൃഷിക്കാര്‍ തന്നെയാണ് കച്ചവടക്കാരും. പൈനാപ്പിള്‍ മര്‍ച്ചന്റ് അസോസിയേഷനും ഫാര്‍മേഴ്‌സ് അസോസിയേഷനും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിലയിടിഞ്ഞതോടെ മാര്‍ക്കറ്റില്‍ പൈനാപ്പിളിന്റെ വരവ് കുറഞ്ഞു. പൈനാപ്പിള്‍ വിലയിടിവുമൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.