Begin typing your search above and press return to search.
പ്ലാസ്റ്റിക്കിനോട് വീണ്ടും യുദ്ധം; എന്തൊക്കെയാണ് നിരോധിച്ച പ്ലാസ്റ്റിക് ഇനങ്ങള്‍?
പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം നിയന്ത്രിക്കാന്‍ വീണ്ടുമൊരിക്കല്‍ കൂടി കേരളത്തില്‍ കര്‍ക്കശ നടപടികളിലേക്ക് സര്‍ക്കാര്‍. പലവട്ടം പാളിപ്പോയ പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കാന്‍ തീരുമാനിച്ചത് തിരുവനന്തപുരത്തെ ആമയിഴഞ്ചന്‍ തോട് മാലിന്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്ലാസ്റ്റിക് നിയന്ത്രണ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളും ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ പ്ലേറ്റ്, ഷോപ്പിങ് ബാഗ്, സ്‌ട്രോ, ഇല, സ്പൂണ്‍, തെര്‍മോക്കോള്‍ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ്, അലങ്കാര വസ്തുക്കള്‍, 500 മില്ലി ലിറ്ററില്‍ താഴെ ശുദ്ധജലം പാക്ക് ചെയ്ത കുപ്പികള്‍, ബ്രാന്‍ഡഡ് അല്ലാത്ത ജൂസ് പാക്കറ്റ്, പി.വി.സി ഫ്‌ളക്‌സ് സാമഗ്രികള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണികള്‍ തുടങ്ങിയവ നിരോധിച്ചവയില്‍ പെടും.
പ്ലാസ്റ്റിക് നിരോധനം കടലാസില്‍ മാത്രമായിട്ട് നാലര വര്‍ഷം
2020 ജനുവരിയില്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതാണ്. പക്ഷേ, നിരോധിത പ്ലാസ്റ്റിക് ഇനങ്ങളെല്ലാം തന്നെ ഇപ്പോള്‍ സുലഭം. കേരളത്തില്‍ ഉല്‍പാദനമില്ല. പക്ഷേ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നു. തുടര്‍ച്ചയായി മൂന്നു തവണ പിടികൂടിയാല്‍ അരലക്ഷം രൂപ പിഴയും കടയുടമയുടെ ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ. മാലിന്യം പൊതുസ്ഥലത്തു തള്ളുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും. പുനരുപയോഗം സാധ്യമല്ലാത്ത, 50 മൈക്രോണില്‍ താഴെയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് നിരോധിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക്കിന്റെ ദോഷം അറിയാത്തവരല്ല മലയാളികള്‍. നിരോധിത പ്ലാസ്റ്റിക് ഇനങ്ങള്‍ കാലങ്ങളോളം നശിക്കാത്തവയാണ്. ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കി വെക്കുന്ന ആഘാതം ചെറുതല്ല. പക്ഷേ, ആരും കാര്യമാക്കുന്നില്ലെന്നു മാത്രം.
Next Story
Videos