മെയ്ക്ക് ഇന്‍ ഇന്ത്യ: പി.എല്‍.ഐ വഴിയെത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം

ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ്ബാക്കുക, മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി 2023 നവംബര്‍ വരെ കൈവരിച്ചത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം.

പദ്ധതി നടപ്പിലാക്കിയതിന് ശേഷം കയറ്റുമതി 3.20 ലക്ഷം കോടി കവിഞ്ഞതായി ഡി.പി.ഐ.ഐ.ടി (Department for Promotion of Industry and Internal Trade) വ്യക്തമാക്കി. ഈ നിക്ഷേപം 8.61 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനത്തിനും പ്രത്യക്ഷമായും പരോക്ഷമായും 6.78 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിച്ചതായി ഡി.പി.ഐ.ഐ.ടി അഡീഷണല്‍ സെക്രട്ടറി രാജീവ് സിംഗ് താക്കൂര്‍ പറഞ്ഞു.

പദ്ധതിക്ക് കീഴില്‍ ഏകദേശം 4,415 കോടി രൂപയുടെ ഇന്‍സെന്റീവ് സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തു. ലാര്‍ജ് സ്‌കെയില്‍ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ്, ഐ.ടി ഹാർഡ്‌വെയർ, ബള്‍ക്ക് ഡ്രഗ്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ആന്‍ഡ് നെറ്റ്‌വർക്കിംഗ് ഉല്‍പ്പന്നങ്ങള്‍, ഫുഡ് പ്രോസസിംഗ്, ഡ്രോണുകള്‍ എന്നിങ്ങനെ എട്ട് പി.എല്‍.ഐ സ്‌കീമുകള്‍ക്ക് കീഴിലാണ് ഇന്‍സെന്റീവ് വിതരണം ചെയ്തിരിക്കുന്നത്.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയ 11,000 കോടി രൂപയില്‍ നിന്ന് ഇന്‍സെന്റീവ് വിതരണം ഗണ്യമായി കുറഞ്ഞാണ് നില്‍ക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇനി ലഭിക്കാനുള്ള മിക്ക ക്ലെയിമുകളും ഡിസംബര്‍ അവസാനത്തോടെ ഫയല്‍ ചെയ്തതിനാല്‍ പരിശോധയ്ക്ക് ശേഷം മാര്‍ച്ചില്‍ പണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്‌കീമുകളുടെ പുരോഗതി മന്ദഗതിയിലാണെങ്കിലും മൊബൈല്‍ ഫോണ്‍, ഫാര്‍മസ്യൂട്ടിക്കല്‍ പി.എല്‍.ഐ സ്‌കീമുകളിലാണ് ഏറ്റവും കൂടുതല്‍ പുരോഗതി കണ്ടത്.

Related Articles
Next Story
Videos
Share it