ഒരു വര്‍ഷം നീണ്ട സമരത്തിന് വിരാമം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു
ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന് വിരാമം, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര തീരുമാനം പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്. ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരുമെന്നും മോദി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമതിയില്‍ പ്രാതിനിധ്യമുണ്ടാകും.
കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും തെരുവില്‍ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങള്‍ക്കെതിരെ സമരം രംഗത്തെത്തി. ചരിത്ര വിജയമാണിതെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചു. രാജ്യത്തെ കര്‍ഷകരുടെ സത്യഗ്രഹത്തിന് മുന്നില്‍ ധാര്‍ഷ്ട്യം തല കുനിച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
പ്രതിഷേധത്തിനിടെ മരിച്ച 700-ലധികം കര്‍ഷകരുടെ രക്തസാക്ഷിത്വം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ''എന്റെ രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി കര്‍ഷകരെയും കൃഷിയെയും എങ്ങനെ സംരക്ഷിക്കുന്നുവെന്ന് വരും തലമുറകള്‍ ഓര്‍ക്കും,'' അദ്ദേഹം പറഞ്ഞു.
'പുതിയ തീരുമാനം ഭീതിമൂലം'; എളമരം കരീം
യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഒളിച്ചോട്ടമെന്ന് എളമരം കരീം എംപി പ്രതികരിച്ചു. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാതെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും കര്‍ഷകസംഘടനാ പ്രതിനിധികളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം, തമിഴ്നാട്, ബംഗാള്‍, അസം തിരഞ്ഞെടുപ്പികള്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടം. എളമരം കരീം പ്രതികരിച്ചു.