വഴിയോര കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാര്‍ഡ്, പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്; പ്രധാനമന്ത്രിയുടെ വരവില്‍ കേരളത്തിന് ലഭിച്ചത്

കേരളത്തില്‍വച്ച് മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റ് പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല
വഴിയോര കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാര്‍ഡ്, പുതിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്; പ്രധാനമന്ത്രിയുടെ വരവില്‍ കേരളത്തിന് ലഭിച്ചത്
Published on

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന് അനുവദിച്ച പുതിയ പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകള്‍ക്കൊപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു.

തെരുവ് കച്ചവടക്കാര്‍ക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാര്‍ഡ്, തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നാഷണല്‍ സ്ഥാപിക്കുന്ന ഇന്നോവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യാധുനിക റേഡിയോ സര്‍ജറി സെന്റര്‍, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപനം എന്നിവയും ഇന്ന് നടന്നു.

കേരളത്തില്‍വച്ച് മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റ് പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായില്ല.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്തുടനീളമുള്ള പാവപ്പെട്ടവര്‍ക്കായി നാല് കോടിയിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കിയെന്ന് മോദി പറഞ്ഞു. ഇതില്‍ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ച ഒരു കോടിയിലധികം വീടുകളും ഉള്‍പ്പെടുന്നു. കേരളത്തില്‍ മാത്രം ഏകദേശം 1.25 ലക്ഷം നഗര ദരിദ്ര കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുമ്പ് ഉയര്‍ന്ന പലിശയ്ക്ക് നൂറു രൂപ പോലും കടം വാങ്ങാന്‍ ബുദ്ധിമുട്ടിയിരുന്ന തെരുവ് കച്ചവടക്കാരുടെ അവസ്ഥ പിഎം സ്വാനിധി പദ്ധതിയിലൂടെ മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ 10,000 ഗുണഭോക്താക്കള്‍ക്കും തിരുവനന്തപുരത്തെ 600-ലധികം ഗുണഭോക്താക്കള്‍ക്കും ഉള്‍പ്പെടെ പിഎം സ്വാനിധി ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ട്രെയിനുകള്‍ ഗുണം ചെയ്യും

നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-ചാര്‍ളപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസ്, തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിലുള്ള പുതിയ പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് ഇന്ന് ഫ്‌ളാഗ്ഓഫ് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച ഏറ്റവുംപുതിയ ശ്രേണിയിലുള്ള ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്. പൂര്‍ണമായും നോണ്‍ എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. അതിവേഗത്തിലുള്ള യാത്രയ്ക്കായി പുഷ്പുള്‍ സാങ്കേതികവിദ്യയാണ് അമൃത് ഭാരതിലുള്ളത്.

കുലുക്കം കുറയ്ക്കാനായി സെമി പെര്‍മനന്റ് കപ്ലറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എയര്‍ സ്പ്രിങ് സസ്പെന്‍ഷന്‍ ബോഗികള്‍, ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കുഷ്യന്‍ സീറ്റുകളും ബെര്‍ത്തുകളും, മൊബൈല്‍ഫോണ്‍ ഹോര്‍ഡറുകള്‍, റീഡിങ് ലൈറ്റുകള്‍, സെന്‍സര്‍ വാട്ടര്‍ ടാപ്പ്, സുരക്ഷ ഉറപ്പാക്കാനായി സിസിടിവി ക്യാമറകള്‍, ബയോ വാക്വം ടോയ്ലെറ്റ് തുടങ്ങിയവയൊക്കെയാണ് അമൃത് ഭാരത് ട്രെയിനുകളുടെ സവിശേഷതകള്‍. ജനറലും സ്ലീപ്പറും അടക്കം ആകെ 22 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാവുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com