കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി മോദി

6,000 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച കൊച്ചിയിലെ ഭാരത് പെട്രോളിയത്തിന്റെ പ്രോപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്നലെ കോരളത്തിലെത്തിയ പ്രധാനമന്ത്രി കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ചാണ് മടങ്ങിയത്. പ്രോപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) വിദേശനാണ്യ വിനിമയം ലാഭകരമാക്കുകയും അതുവഴി സ്വയം പര്യാപ്ത ഭാരതം എന്ന രാജ്യത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി നിരവധി വ്യവസായങ്ങള്‍ക്ക് ഗുണം ലഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതുപോലെ തന്നെ റോ-റോ വെസല്‍സ് മുഖേന 30 കിലോമീറ്റര്‍ റോഡ് ദൈര്‍ഘ്യം ജലപാത വഴി 3.5 കിലോമീറ്ററായി കുറയുകയും അത് വഴി ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന വികസനത്തിന് കേന്ദ്രം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. സാഗരിക എന്ന അന്താരാഷ്ട്ര കപ്പല്‍ ടെര്‍മിനല്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഇതിന്റെ ഒരു ഉദാഹരണമാണ്. സാഗരിക ഒരു ലക്ഷത്തിലധികം കപ്പലുകളെ സ്വീകരിക്കാന്‍ ശേഷിയുള്ള ടെര്‍മിനലാണ്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്തുണ്ടായ മാന്ദ്യം പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത് പ്രാദേശികമായി ജനങ്ങള്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനും നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് യുവജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അറിവ് ലഭിക്കുന്നതിനും കാരണമാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ വിനോദ സഞ്ചാര മേഖല മികച്ച രീതിയിലാണ് വളരുന്നത്. ലോക വിനോദ സഞ്ചാര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 65ല്‍ നിന്ന് 34ല്‍ എത്തിയതായും മോദി പറഞ്ഞു.
ശേഷി വര്‍ധിപ്പിക്കലും അടിസ്ഥാന സൗകര്യ വികസനവും ദേശീയ വികസനത്തിന്റെ രണ്ടു പ്രധാന ഘടകങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട വിജ്ഞാന്‍ സാഗറും സൗത്ത് കോള്‍ ബെര്‍ത്തിന്റെ പുനര്‍നിര്‍മാണവും ഇതിലേക്ക് സംഭാവന ചെയ്യും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ പുതിയ വിജ്ഞാന ക്യാമ്പസായ വിജ്ഞാന്‍ സാഗര്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. സൗത്ത് കോള്‍ ബെര്‍ത്ത്, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുകയും കാര്‍ഗോ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ന് അടിസ്ഥാന സൗകര്യം എന്നതിന്റെ നിര്‍വചനവും പരിധിയും മാറിയതായി പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles
Next Story
Videos
Share it