

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം അവസാനിപ്പിച്ചത് താന്‍ ഇടപെട്ടാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ തന്നോട് ഒരു ലോക നേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതില്‍ തന്റെ പങ്ക് ട്രംപ് ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് നരേന്ദ്രമോദിയുടെ വിശദീകരണം.
' അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് എന്നെ പല തവണ വിളിച്ചിരുന്നു. എന്നാല്‍ ആ കാളുകള്‍ എനിക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹത്തെ തിരിച്ചു വിളിച്ചു. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വലിയൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടെന്നാണ് ജെഡി വാന്‍സ് പറഞ്ഞത്. പാക്കിസ്ഥാന്‍ ആക്രമിക്കുകയാണെങ്കില്‍ അതിനേക്കാള്‍ ശക്തമായി ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്ന് ഞാന്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ബുള്ളറ്റുകളെ ഞങ്ങള്‍ പീരങ്കികള്‍ കൊണ്ട് നേരിടുമെന്നും പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ തന്നോട് ഒരു ലോക നേതാവും ആവശ്യപ്പെട്ടിട്ടില്ല.''
ഓപ്പറേഷന്‍ സിന്ദൂരിന് ലോക രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചതായും നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപിന്റെ വാദത്തെ തള്ളാന്‍ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന് നേരത്തെ പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine