സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മോദി ആദ്യം ഒപ്പിട്ടത് 9.3 കോടി ആളുകള്‍ക്ക് പണം നല്‍കുന്ന സ്‌കീമില്‍

ഞായറാഴ്ചയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റത്. അയല്‍രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ അടക്കം സന്നിഹിതരായിരുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദി ആദ്യം ഒപ്പിട്ട ഫയല്‍ കൃഷിക്കാരുമായി ബന്ധപ്പെട്ടതാണെന്നത് ശ്രദ്ധേയമായി. കാര്‍ഷിക മേഖലയില്‍ അടക്കം ഗ്രാമീണ ഇന്ത്യയില്‍ എന്‍.ഡി.എയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. അധികാരമേല്‍ക്കുംമുമ്പേ തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ ലക്ഷ്യം ഇടത്തരക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണെന്ന് മോദി വ്യക്തമാക്കിയിരുന്നു.
കിസാന്‍ സമ്മാന്‍നിധി ആനുകൂല്യം
സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍നിധിയുടെ പതിനേഴാമത്തെ ഇന്‍സ്റ്റാള്‍മെന്റ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കാനുള്ള ഫയലിലാണ് മോദി ഒപ്പിട്ടത്. 9.3 കോടി ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണിത്. ആകെ 20,000 കോടി രൂപയാണ് ഈ സ്‌കീമിലുള്ള കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുക.
കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി മൂന്നാം മോദി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ വര്‍ഷം ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ബി.ജെ.പിക്ക് തിരിച്ചടിയേറ്റ സംസ്ഥാനങ്ങളില്‍ കര്‍ഷകരെ ഒപ്പംനിര്‍ത്താനുള്ള നീക്കങ്ങളാകും സര്‍ക്കാരില്‍ നിന്നുണ്ടാകുക.
2019ലാണ് പി.എം കിസാന്‍ നിധി കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്. അര്‍ഹരായ കര്‍ഷകര്‍ക്ക് 2,000 രൂപയുടെ ഗഡുക്കളായി വര്‍ഷം 6,000 രൂപ നല്‍കുന്നതാണ് പദ്ധതി. കേരളത്തിലടക്കം നിരവധി കര്‍ഷകര്‍ ഈ സ്‌കീമില്‍ അംഗങ്ങളാണ്.
Related Articles
Next Story
Videos
Share it