

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി സർക്കാർ മാധ്യമങ്ങളിലൂടെ സവിശേഷ സന്ദർഭങ്ങളിൽ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതും പ്രത്യേക പ്രഖ്യാപനങ്ങൾ നടത്തുന്നതും ഒരു രീതിയാണ്. എന്താണ് ഇത്തവണത്തെ സവിശേഷമായ സാഹചര്യം? പ്രധാനമന്ത്രിയുടെ മനസിൽ എന്താണെന്ന് അറിയാൻ രാത്രി എട്ടര വരെ കാത്തിരുന്നേ മതിയാവൂ. എന്നാൽ സവിശേഷമായ സാഹചര്യങ്ങൾ പലതുണ്ട്.
വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ട സാഹചര്യം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് പാസാക്കാൻ ശ്രമിച്ച മൂന്നു ബില്ലുകളാണ് പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പു മൂലം ഉപേക്ഷിക്കേണ്ടി വന്നത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന വനിതാബില്ലിനെ, ലോക്സഭയിലെ അംഗസംഖ്യ 543ൽ നിന്ന് 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പാക്കുന്ന രൂപത്തിലുള്ള നിയമഭേദഗതിയാണ് മോദിസർക്കാർ വിഭാവനം ചെയ്തത്. എന്നാൽ പഴയ രൂപത്തിൽ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബിൽ പാസാകാതെ പോയത് സർക്കാറിന് വലിയ തിരിച്ചടിയാണെന്നു പറയാം. എന്നാൽ വനിതകളുടെ അവകാശത്തിനും അർഹമായ പരിഗണനക്കും വേണ്ടി വാദിച്ച സർക്കാറിനെ എതിർത്തു തോൽപിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന വാദമാണ് ബി.ജെ.പി മുന്നോട്ടു വെക്കുന്നത്. വിജയം ഉറപ്പാക്കാതെ ഒരു ബിൽ പാസാക്കാൻ പ്രത്യേക സമ്മേളനം വിളിക്കാൻ, ഇതുവരെയുള്ള രീതികൾ വെച്ച് മോദിസർക്കാർ തയാറാവില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ തോറ്റ സാഹചര്യം ഉയർത്തിക്കാട്ടി പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള അവസരമായി രാത്രി എട്ടരയുടെ അഭിസംബോധന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോജനപ്പെടുത്തിയേക്കാം.
വനിതാ ബില്ലിലൂടെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളല്ലെങ്കിൽ, രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളാകാം. ക്രൂഡ് ഓയിൽ, പാചക വാതകം എന്നിവയുടെ ലഭ്യതയിൽ നേരിടുന്ന പ്രയാസങ്ങൾ, ഗൾഫിലെ പ്രവാസി സമൂഹവും അവരുടെ ഇന്ത്യൻ കുടുംബങ്ങളും യാത്രക്ക് അടക്കം അനുഭവിക്കുന്ന പ്രശ്നങ്ങൾ, സമ്പദ്‍രംഗത്തും ഡിമാന്റിലും ഉണ്ടായിരിക്കുന്ന മാന്ദ്യം എന്നിവയൊക്കെ പ്രധാനമന്ത്രിയുടെ തന്നെ വിശദീകരണങ്ങൾ അർഹിക്കുന്ന വിഷയങ്ങളാണ്. അതേക്കുറിച്ചു വിശദീകരിച്ചു കൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുക്കാനും ചേർത്തു നിർത്താനുമുള്ള അവസരമാക്കി രാത്രി എട്ടരയുടെ അഭിസംബോധനയെ മാറ്റാൻ പ്രധാനമന്ത്രിക്ക് സാധിക്കും. ഇന്ത്യയുടെ പല വർഷങ്ങളുടെ പുരോഗതിയെ പിന്നോക്കം വലിക്കുന്നതാണ് പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെന്നും വലിയ തൊഴിലവസര നഷ്ടം ഉണ്ടാകുമെന്നും വിദഗ്ധർ ഇതിനകം പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരമൊരു വിശദീകരണത്തിന് യുദ്ധരംഗം അവ്യക്തമായി നിൽക്കുന്നതിനിടയിൽ പ്രധാനമന്ത്രി തയാറാകുമോ? ചോദ്യം ബാക്കി.
500,1000 രൂപയുടെ നിരോധനം, കോവിഡ് ലോക്ഡൗൺ, കർഷക സമരം തുടങ്ങി സവിശേഷമായ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദൂരദർശനിലൂടെയും ആകാശവാണിയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. മോദിയുടെ അഭിസംബോധന ഇത്തരത്തിൽ സുപ്രധാനമാണെന്നിരിക്കേ, ഇനിയുള്ള മണിക്കൂറുകളിൽ വർധിച്ച ആകാംക്ഷയിലായിരിക്കും ജനങ്ങൾ. എന്നാൽ ഈ രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന വനിതകളോട് സവിശേഷമായി സംസാരിച്ച് അവരുടെ വികാരം സർക്കാറിന് അനുകൂലമാക്കി മാറ്റാനുള്ള ഒരു രാഷ്ട്രീയ പ്രസംഗമാണ് ഇത്തവണ ഉണ്ടാവുകയെന്ന് കാണുന്നവർ ഏറെ.
Read DhanamOnline in English
Subscribe to Dhanam Magazine