

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടു ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനം നാളെ തുടങ്ങും. സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയിലേക്കാണ് പ്രധാനമന്ത്രി ഇത്തവണ എത്തുന്നത്. നേരത്തെ രണ്ട് തവണ തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അതിഥിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
നിലവില്‍ വിവിധ മേഖലകളില്‍ ഇന്ത്യയും സൗദിയും വാണിജ്യ സഹകരണമുണ്ട്. പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സൗദി കിരീടാവകാശിയുമായി നരേന്ദ്രമോഡി നടത്തുമെന്നാണ് സൂചനകള്‍. ബുധനാഴ്ച ജിദ്ദയില്‍ നടക്കുന്ന ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ആരോഗ്യം, ടൂറിസം, ഗ്രീന്‍ ആന്റ് ക്ലീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയേക്കും.
ഇത്തവണത്തെ ഹജ്ജ് സീസണ്‍ തുടങ്ങാനിരിക്കെ, ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അവസരം നഷ്ടപ്പെടുന്നത് സംബന്ധിച്ച പ്രശ്‌നവും പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകിയതു മൂലം 52,000 പേര്‍ക്കുള്ള അവസരം നഷ്ടമായിരുന്നു. കേരളത്തിലെ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നഷ്ടമായത് 12,000 സീറ്റുകളാണ്.
സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഈ ക്വാട്ട പുന:സ്ഥാപിക്കൂ. തീര്‍ത്ഥാടകരില്‍ നിന്ന് പണം വാങ്ങിയ സ്വകാര്യ ഗ്രൂപ്പുകള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഈ വിഷയത്തില്‍ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് രാജ്യത്തെ സ്വകാര്യ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന മന്ത്രിയുടെ സൗദി സന്ദര്‍ശനത്തില്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിലെ ഇന്ത്യ പ്രവാസി സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine