

വ്യവസായ സംരംഭങ്ങളെ വിജയിപ്പിച്ചെടുക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത് പ്രോജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.എം ഐ) കേരള ചാപ്റ്ററിന്റെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനം. കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന 'വേവ്‌സ് 2025' സമ്മേളനത്തില്‍ സുസ്ഥിര വളര്‍ച്ചക്കുള്ള തന്ത്രങ്ങള്‍ വിദഗ്ധര്‍ വിലയിരുത്തി. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി.ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗുണനിലവാരം, ചെലവ്, സമയനിഷ്ഠ എന്നീ മൂന്ന് അടിസ്ഥാന തൂണുകളിലാവണം ഓരോ സംരംഭവും പദ്ധതികളും പൂര്‍ത്തിയാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഒന്നിന്റെ ബലഹീനത പോലും പദ്ധതിയെ ബാധിക്കും. 58 രാജ്യങ്ങളിലായി ലോകത്തിലെ രക്തബാഗുകളുടെ 12 ശതമാനം വിതരണം ചെയ്യുന്ന ഒരു ബയോമെഡിക്കല്‍ സ്ഥാപനം വികസിപ്പിച്ച തന്റെ സംരംഭക യാത്ര അദ്ദേഹം വിശദീകരിച്ചു. പ്രതികൂല സാഹചര്യങ്ങളെ മുന്‍കൂട്ടി കാണല്‍,ആസൂത്രണം, കച്ചവടത്തിലെ സാംസ്‌കാരിക ഉത്തരവാദിത്തം എന്നിവ അതിജീവനവും വിജയവും സാധ്യമാക്കുമെന്ന് സി. ബാലഗോപാല്‍ പറഞ്ഞു. സോഫ്റ്റ് വെയറിനെയോ ആധുനിക ഉപകരണങ്ങളെയോ പോലെ അച്ചടക്കവും ഉത്തരവാദിത്തവും പരമ പ്രധാനമാണ്. ലക്ഷ്യം ഒരു ഉത്തരവാദിത്തമാണ്. ആറടി കുതിച്ചുചാട്ടത്തിന്റെ 90 ശതമാനം നേടുന്നത് പൂര്‍ത്തീകരണമല്ല.
ഇത് ഡിജിറ്റല്‍ യുഗം മാത്രമല്ല, ചുരുക്കെഴുത്തുകളുടെ കൂടി യുഗമാണ്. ശ്രദ്ധ,വ്യക്തത,ലളിതവല്‍ക്കരണം എന്നിവ പദ്ധതി വിജയത്തിന് മുമ്പെന്നത്തേക്കാളും പ്രധാനമാണ്. സി.ബാലഗോപാല്‍ പറഞ്ഞു. സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച് അമൃത സ്‌കൂള്‍ ഓഫ് സസ്‌റ്റൈനബിള്‍ ഫ്യൂച്ചേഴ്സിലെ പ്രൊഫ.സന്തോഷ് ജയറാം മുഖ്യപ്രഭാഷണം നടത്തി.
അനിശ്ചിതത്വത്തെ അവസരമാക്കി മാറ്റുന്ന മാറ്റത്തിന്റെ പ്രതിനിധികളാണ് പ്രോജക്ട് മാനേജര്‍മാരെന്ന് പി.എം.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് അഖില ഗൗരി ശങ്കര്‍ പറഞ്ഞു. സോഹോ കോര്‍പ് ഗ്ലോബല്‍ ഔട്ട്‌റീച്ച് മാനേജര്‍ ഗൗരംഗോ ബാനര്‍ജി, എല്‍.ഡി.ആര്‍.എ ഡയറക്ടര്‍ ഷിന്റോ ജോസഫ്, ഡെലോയിറ്റ് പാര്‍ട്‌നര്‍ ഡോ. സ്വാതി ജെയിന്‍, പി.എം.ഐ കോണ്‍ഫറന്‍സ് ഡയറക്ടര്‍മാരായ ശ്രീജേഷ് വാര്യര്‍, പോള്‍ ബാലുമ്മല്‍, യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍; ജി ഇന്‍ഫിനിറ്റി കണ്‍സള്‍ട്ടിംഗ് (സിംഗപ്പൂര്‍) സ്ഥാപകയും സി.ഇ.ഒയുമായ ഗീത ഗോപാല്‍, കാര്‍ത്തികേയന്‍ രാമമൂര്‍ത്തി, പി.എം.ഐ കേരളയുടെ മുന്‍ പ്രസിഡന്റ് കെ.ഹരിക്കുട്ടന്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള വലിയ പദ്ധതികളില്‍ കാലത്തിന് ഇണങ്ങുന്ന ഭരണപ്രക്രിയ, പദ്ധതി പങ്കാളികളുടെ കൃത്യമായ വിന്യാസം, അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയുന്ന സമീപനം, സുതാര്യത ഉറപ്പാക്കല്‍ എന്നിവ ആവശ്യമാണെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
പി.എം.ഐ കേരള എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു.
എ.ഐ എക്‌സലന്‍സ് അവാര്‍ഡ് ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നിലെ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നേടി. ടെക്‌നോപാര്‍ക്ക് ഫേസ് രണ്ടിലെ യു.എസ.ടി ഒന്നാം റണ്ണര്‍ അപ്പായി.
അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എല്‍) പി.എം.ഐ ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് അവാര്‍ഡ് കരസ്ഥമാക്കി. അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി രണ്ടാമതെത്തി.
ഇന്നൊവേറ്റീവ് മാനുഫാക്ചറിംഗ് പ്രോജക്ട് അവാര്‍ഡ് ചാലക്കുടി ജോബിന്‍, ജിസ്മി പ്രൈവറ്റ് ലിമിറ്റഡ് നേടി.
പ്രോജക്ട് ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ലാര്‍ജ് പ്രോജക്ട് അവാര്‍ഡ് കരസ്ഥമാക്കി. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ.ഡി.എസ്.സി) രണ്ടാം സ്ഥാനം.
മീഡിയം പ്രോജക്ട് വിഭാഗത്തില്‍ ബി.പി.സി.എല്‍ അമ്പലമുകള്‍ വിജയിയായി. എച്ച്.ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ റണ്ണറപ്പായി.
സ്മോള്‍ പ്രോജക്റ്റ് അവാര്‍ഡ് കെ-ഡിസ്‌ക് നേടി. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ ഈ വിഭാഗത്തില്‍ റണ്ണറപ്പായി.
ദി സോഷ്യല്‍ പ്രോജക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വിഭാഗത്തില്‍ എച്ച്.ആന്‍ഡ്.ആര്‍ ബ്ലോക്ക് ഇന്ത്യ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine