

ജിഎസ്ടിയുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ക്ക് ഗ്രീന്‍ സിഗ്നല്‍ നല്കി പ്രധാനമന്ത്രിയുടെ ഓഫീസ്. സ്ലാബ് ഒഴിവാക്കുന്നതിനും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ കൂടുതല്‍ സൗഹാര്‍ദപരമായ നീക്കങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് മാറ്റങ്ങള്‍. പാര്‍ലമെന്റിന്റെപാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനു ശേഷം ജിഎസ്ടി കൗണ്‍സില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.
എട്ടുവര്‍ഷം മുമ്പ് ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്. ഇതിനു ശേഷം ചെറുതും വലുതുമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ മാറ്റങ്ങളിലൂടെ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും കൂടുതല്‍ നേട്ടം കൈമാറുകയാണ് ലക്ഷ്യം.
ജിഎസ്ടിക്ക് നിലവില്‍ നാല് പ്രധാന നികുതി സ്ലാബുകളാണുള്ളത്. 5%, 12%, 18%, 28% എന്നിവയാണ് നിലവിലെ ജിഎസ്ടി സ്ലാബുകള്‍. ഇതില്‍ 12 ശതമാനം സ്ലാബ് ഒഴിവാക്കി അവയെ അഞ്ചിലേക്കോ 18ലേക്കോ മാറ്റാനാണ് ലക്ഷ്യം. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നവയാണ് 12 ശതമാനം സ്ലാബിലുള്ള വസ്തുക്കള്‍. ഇവയെ അഞ്ച് ശതമാനത്തിലേക്ക് മാറ്റിയാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നികുതി വരുമാനത്തില്‍ വലിയ നഷ്ടം വരും.
സ്ലാബ് ഒഴിവാകുന്ന കാര്യത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇടഞ്ഞു നില്‍ക്കുകയാണ്. ഈ സംസ്ഥാന സര്‍ക്കാരുകളെ അനുനയിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ ചുമതലപ്പെടുത്തിയിരുന്നു.
ജിഎസ്ടിയില്‍ പരിഷ്‌കരണം നടത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നികുതിയിളവിലൂടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് വേഗത കൂടുമെന്നും കൂടുതല്‍ പണം ചെലവഴിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കുമെന്നും ഇവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine