

കുടുംബങ്ങളുടെ വരുമാനവും ചെലവഴിക്കലും വര്‍ധിപ്പിക്കാനായി പുതിയ പരിഷ്‌കാരം കൊണ്ടുവന്ന് പോളണ്ട്. ഇനി മുതല്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. വ്യക്തിഗത വരുമാന നികുതി പൊളിച്ചെഴുതുമെന്ന തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനമാണ് പ്രസിഡന്റ് കരോള്‍ നവ്‌റോക്കി നടപ്പിലാക്കിയത്.
പുതിയ നിയമപ്രകാരം 33 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിമാസം 24,062 രൂപയോളം വര്‍ധനയുണ്ടാകാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിയമപരമായ മാതാപിതാക്കള്‍, ദത്തെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കെല്ലാം നികുതി ഇളവ് ലഭ്യമാണ്. കുടുംബ വരുമാനം ഉയര്‍ത്തുന്നതിനൊപ്പം കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കും.
നികുതി ഭാരത്താല്‍ ജനങ്ങള്‍ വലയുന്നുവെന്ന പൊതുവികാരം പോളണ്ടില്‍ പ്രകടമാണ്. നികുതിയില്‍ ഊന്നിയ പ്രചാരണത്തിലൂടെയാണ് നവ്‌റോക്കി അധികാരത്തിലെത്തിയത്. വാറ്റ് നികുതി 23 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്ക് കുറയ്ക്കല്‍, ആസ്തി വില്പനയില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കല്‍, ക്വാട്ട അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ സൂചിക ഏര്‍പ്പെടുത്തല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പരിഷ്‌കാര പാക്കേജാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ പരിഷ്‌കാരങ്ങളോട് അനുകൂല നിലപാടാണ് പോളിഷ് ജനതയ്ക്കുള്ളത്. നിയമമാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടിയപ്പോള്‍ 76 ശതമാനം പേരും അനുകൂലിച്ചു. വെറും 16 ശതമാനം പേരാണ് ഈ പരിഷ്‌കാരത്തോട് എതിര്‍പ്പ് രേഖപ്പെടുത്തിയത്. കുടുംബങ്ങളുടെ ചെലവഴിക്കല്‍ ശേഷി ഉയരുകയും വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
2025 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പോളണ്ടിന്റെ വളര്‍ച്ചാനിരക്ക് 3.2 ശതമാനമായി താഴ്ന്നിരുന്നു. ഉപഭോഗത്തിലും ഇടിവ് രേഖപ്പെടുത്തിയ പാദമാണ് കടന്നുപോയത്. റഷ്യ-യുക്രൈയ്ന്‍ യുദ്ധം, പ്രായമായവരുടെ ജനസംഖ്യ വര്‍ധന എന്നിവ പോളണ്ടിന് തിരിച്ചടിയാകുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine