സപ്ലൈകോ ചതിച്ചതോടെ നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകരുടെ പിന്‍മാറ്റം; വിള ഇന്‍ഷുറന്‍സിനും ആളില്ല

മാര്‍ച്ചില്‍ സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ നല്‍കിയില്ല: ഒന്നാം വിള കൃഷി നടത്താന്‍ 10 ശതമാനം കര്‍ഷകര്‍ മാത്രം
paddy farming
paddy farmingImage courtesy: Canva
Published on

സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ക്ക് ശേഷവും നല്‍കാതെ സപ്ലൈകോ ചതിച്ചതോടെ നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ പിന്‍വലിയുന്നു. ഒന്നാം വിള കൃഷി നടത്താന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണം വലിയ തോതിലാണ് കുറയുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കര്‍ഷകര്‍ തയ്യാറാകുന്നില്ല. നെല്ലിന്റെ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് പ്രധാന കാരണം.

സപ്ലൈകോയുടെ ചതി

ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. അര ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഈ തുക വായ്പയായി നല്‍കാന്‍ ബാങ്കുകളുമായി ധാരണയായെങ്കിലും ഓരോ കര്‍ഷകനും പണം നല്‍കാന്‍ സപ്ലൈകോയുടെ പ്രത്യേകമായ അനുമതി ആവശ്യമാണ്. അതിനാല്‍ വായ്പാ അപേക്ഷകള്‍ കര്‍ഷകരെ കൊണ്ട് ഒപ്പുവെപ്പിച്ച് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കര്‍ഷകര്‍ നിരന്തരം ബാങ്കുകളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പണം അക്കൗണ്ടിലേക്ക് മാറ്റാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല.

കിലോഗ്രാമിന് 28.20 പൈസ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഈ നെല്ല് മില്ലുകള്‍ ഏറ്റെടുത്ത് അരിയാക്കി വിപണിയില്‍ വില്‍പ്പന തുടങ്ങി. അപ്പോഴും കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം എത്തിയിട്ടില്ല. കടം വാങ്ങി കൃഷി ചെയ്തവര്‍ അത് തിരിച്ചു നല്‍കാന്‍ നെട്ടോട്ടമാണ്.

ഒന്നാം വിളയില്‍ താല്‍പര്യമില്ല

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഒന്നാം വിള കൃഷിയിറക്കാന്‍ ഭൂരിഭാഗം കര്‍ഷകരും തയ്യാറാകുന്നില്ല. കര്‍ക്കിടക മാസം ആദ്യത്തിലാണ് ഒന്നാം വിളക്കുള്ള ഞാറ് നടീല്‍ തുടങ്ങുന്നത്. എന്നാല്‍ ഇതുവരെ 10 ശതമാനം കര്‍ഷകര്‍ പോലും കൃഷി ഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പാട്ടത്തിന് ഭൂമി ഏറ്റെടുത്തത് കൃഷി നടത്തുന്നവര്‍ ഭൂമി, ഉടമക്ക് തിരിച്ചേല്‍പ്പിക്കുന്നുമുണ്ട്. കൃഷി ചെയ്താലും ഇല്ലെങ്കിലും പാട്ടതുക കര്‍ഷകന്‍ നല്‍കേണ്ടതുണ്ട്. ഏക്കറിന് 10,000 രൂപക്ക് മുകളിലാണ് തുക. നെല്ലിന്റെ പണം കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കൃഷിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവിപണിയില്‍ നെല്ലിന് 24 രൂപയാണ് കിലോഗ്രാം വില. ഈ വിലക്ക് വിറ്റാല്‍ കൃഷിയില്‍ നിന്ന് മുടക്ക് മുതല്‍ പോലും ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു.

പ്രതിസന്ധിയിലായ വിള ഇന്‍ഷുറന്‍സ്

നെല്ല് വില പ്രതിസന്ധി വിള ഇന്‍ഷുറന്‍സ് പദ്ധതിക്കും തിരിച്ചടിയാകുകയാണ്. ഇത്തവണ ഒന്നാം വിള ഇന്‍ഷുറന്‍സ് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 44,122 കര്‍ഷകരാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 1.2 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൃഷിയില്‍ നിന്നുള്ള കര്‍ഷകരുടെ പിന്‍മാറ്റവും പുതിയ രജിസ്‌ട്രേഷന്‍ ചട്ടങ്ങളുമാണ് അംഗത്വം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിള ഇന്‍ഷുറന്‍സിന് അഗ്രിസ്റ്റാക്ക് പോര്‍ട്ടലില്‍ കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൃഷി വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷന്‍. ഭൂരിഭാഗം കര്‍ഷകര്‍ക്കും ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ വിള ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും കുറഞ്ഞു. ഒരു ഏക്കറിന് 620 രൂപയാണ് കേന്ദ്ര വിള ഇന്‍ഷുറന്‍സിന്റെ പ്രീമിയം. നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ ഇത്രയും തുക നല്‍കാന്‍ പോലുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com