Begin typing your search above and press return to search.
ശ്വസിക്കുന്ന വായുവിനും നികുതിയോ! ജി.എസ്.ടിയിലെ മാറ്റങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
നാളെ മുതല്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന ശ്വാസത്തിനും നികുതി കൊടുക്കേണ്ടി വരും, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ജി.എസ്.ടി ഘടനക്കെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. കോണ്‍ഗ്രസ് മാത്രമല്ല, ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പോപ്പ്‌കോണിന് 5 മുതല്‍ 18 ശതമാനം വരെ മൂന്ന് വ്യത്യസ്ത തരം ജി.എസ്.ടി സ്ലാബുകള്‍ ചുമത്തിയതാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നത്. പാക്ക് ചെയ്യാത്ത പോപ്പ്‌കോണിന് 5 ശതമാനവും ലേബല്‍ ചെയ്ത പോപ്പ്‌കോണിന് 12 ശതമാനവും കാരമലൈസ്ഡ് പോപ്പ്‌കോണിന് 18 ശതമാനവും ജി.എസ്.ടി ചുമത്താനാണ് 55ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
ഇത്തരം നടപടികള്‍ രാജ്യത്തെ നികുതി ഘടനയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് സോഷ്യല്‍ മീഡിയയും പ്രതിപക്ഷവും പറയുന്നത്.
ജി.എസ്.ടി പരിഷ്‌ക്കരണം വേണം
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ നികുതി ഘടനയെ സങ്കീര്‍ണമാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ബജറ്റ് വരാനിരിക്കെ നികുതിഘടനയില്‍ പൊളിച്ചെഴുത്ത് നടത്തി ജി.എസ്.ടി 2.0 നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നികുതി തട്ടിപ്പ് വ്യാപകമാണ്. ജി.എസ്.ടി വെട്ടിക്കാന്‍ വേണ്ടി മാത്രം ആയിരക്കണക്കിന് വ്യാജ കമ്പനികള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സിന്റെ (ഡി.ജി.ജി.ഐ) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജി.എസ്.ടി വെട്ടിപ്പ് 2.01 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് പുറത്തിറക്കിയ മറ്റൊരു വീഡിയോയില്‍ ആളുകളുടെ ശമ്പളം മുഴുവനായും സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം പോക്കറ്റ് മണിയായി വല്ലതും തന്നാല്‍ മതിയെന്നും പറയുന്നു.
പഴയ വണ്ടിക്കും നികുതിയോ
സെക്കന്റ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. 28 ശതമാനം വരെ ജി.എസ്.ടിയും അതിന് മുകളില്‍ സര്‍ചാര്‍ജും നല്‍കി വാങ്ങിയ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ വീണ്ടും നികുതി ചുമത്തിയതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. 12 ലക്ഷം രൂപക്ക് വാങ്ങിയ കാര്‍ കുറച്ച് കാലം കഴിയുമ്പോള്‍ 9 ലക്ഷം രൂപക്ക് വിറ്റാല്‍ അതിന്റെ ലാഭത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയെന്ന നിര്‍മലാ സീതാരാമന്റെ വിശദീകരണത്തെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്.
എന്നാല്‍ രാജ്യത്ത് വാഹന വില്‍പ്പന കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ കുറുക്കുവഴികള്‍ തേടുന്നതാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ഓട്ടോമൊബൈല്‍ ലോബിയെ സഹായിക്കാനാണ് തീരുമാനമെന്നാണ് മറ്റൊരാള്‍ ആരോപിക്കുന്നത്. തീരുമാനം ബാധിക്കുന്നത് സാധാരണക്കാരെ മാത്രമാണെന്നും ചിലര്‍ പറയുന്നു. എന്തായാലും 55-ാമത് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് ചാകരയാണ്, ചൂടന്‍ ചര്‍ച്ചയും.
Next Story
Videos