
രാജ്യത്ത് 2027ല്‍ ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടമായി നടത്തുന്ന സെന്‍സസിന് 2027 മാര്‍ച്ച് ഒന്നിന് തുടക്കമാകും. ലഡാക്ക്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണിത്. ഇവിടങ്ങളില്‍ 2026 ഒക്ടോബര്‍ ഒന്നിനാണ് സെന്‍സസ്. 2021ല്‍ പൂര്‍ത്തിയാകേണ്ട സെന്‍സസ് കൊവിഡ് പോലുള്ള പലവിധ പ്രതിസന്ധികളില്‍ വൈകുകയായിരുന്നു. 1931ന് ശേഷം ജാതി കണക്കെടുപ്പ് കൂടി പൂര്‍ത്തിയാക്കുന്ന 2027ലെ സെന്‍സസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
ഒരു രാജ്യത്തെ ജനസംഖ്യ തിട്ടപ്പെടുത്തുകയും അവ ക്രോഡീകരിച്ച് നിഗമനങ്ങളില്‍ എത്തുകയും ചെയ്യുന്ന പ്രക്രിയയാണ് സെന്‍സസ് അഥവാ കാനേഷുമാരി. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും മുഗള്‍ ചകവര്‍ത്തിയായ അക്ബറിന്റെ അയ്‌ന് അക്ബറി റിപ്പോര്‍ട്ടിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജ്യത്ത് ഏകീകൃത സെന്‍സസ് ആരംഭിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് 1881ലാണ്. ഡബ്ല്യൂ.സി പ്ലോഡന്‍ ആയിരുന്നു ഇന്ത്യയിലെ ആദ്യ സെന്‍സസ് കമ്മിഷണര്‍. സെന്‍സസില്‍ ആരായുന്ന ചോദ്യങ്ങളില്‍ ഓരോ തവണയും വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിലും വയസ്, ലിംഗം, മാതൃഭാഷ, സാക്ഷരത, ജാതി, മതം എന്നിവ മിക്ക കണക്കെടുപ്പിലും ഉള്‍പ്പെട്ടിട്ടുണ്ട്.
സെന്‍സസ് ആക്ട് 1948 അനുസരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണിത്. സെന്‍സസ് കമ്മിഷണറെയും വിവിധ സംസ്ഥാനങ്ങളില്‍ സെന്‍സസ് മേല്‍നോട്ടത്തിന് സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടമാരെയും കേന്ദ്രം നിയമിക്കും. 30 ലക്ഷം അധ്യാപകരാണ് സെന്‍സസ് വിവര ശേഖരണം നടത്തുന്നത്. ഇവരെ എന്യൂമറേറ്റര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ 1.3 ലക്ഷം ഉദ്യോഗസ്ഥരും സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കും.
രണ്ട് ഘട്ടമായാണ് ഇത്തവണയും സെന്‍സസ് സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഓരോ വീടുകളിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തി, സൗകര്യങ്ങള്‍ എന്നിവ സമാഹരിക്കുന്ന ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനാണ് (എച്ച്.എല്‍.എ). 5-6 മാസങ്ങള്‍ വരെ ഇതിന് വേണ്ടി വരും. രണ്ടാം ഘട്ടത്തില്‍ ഓരോ വീടുകളിലെയും അംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ ശേഖരിക്കും. സെന്‍സസ് നടത്തുന്ന വര്‍ഷത്തിലെ ഫെബ്രുവരിയിലാണ് സാധാരണ ഇത് നടത്തുന്നത്. ഈ വിവരങ്ങള്‍ അപഗ്രഥിച്ചാണ് വിവിധ ഘട്ടങ്ങളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്.
1881ല്‍ തുടങ്ങിയ സെന്‍സെസ് കൃത്യമായ ഇടവേളകളില്‍ നടന്നെങ്കിലും 2021ല്‍ ഇത് ലംഘിക്കപ്പെട്ടു.കൊവിഡ് മഹാമാരിയായിരുന്നു വില്ലന്‍. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ജാതി കണക്കെടുപ്പ് കൂടി ചേര്‍ത്ത് 2027ല്‍ സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കുറി രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ സെന്‍സസാണ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. കയ്യില്‍ കൊണ്ടുനടക്കാവുന്ന ടാബ്‌ലെറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണാകും എന്യൂമറേറ്റര്‍മാര്‍ ഉപയോഗിക്കുക. ഇതിലൂടെ പിഴവുകള്‍ കുറച്ച് വേഗത്തില്‍ കാര്യക്ഷമമായി സെന്‍സസ് പൂര്‍ത്തിയാക്കാനാകും. എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇവര്‍ക്കുള്ള പ്രാഗത്ഭ്യം ഒരുവെല്ലുവിളിയാണ്. ഇത് പരിഹരിക്കാന്‍ ഇവര്‍ക്ക് വേണ്ട പരിശീലനവും സര്‍ക്കാര്‍ ഒരുക്കും.
കൂടാതെ വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ ചേര്‍ക്കാനുള്ള അവസരവും ഇക്കുറി ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പോര്‍ട്ടലിലോ ആപ്പിലോ കയറിയാല്‍ വ്യക്തികള്‍ക്ക് വിവരങ്ങള്‍ സ്വയം രേഖപ്പെടുത്താം. അപ്പോള്‍ ലഭിക്കുന്ന യുണീക്ക് ഐ.ഡി സെന്‍സസ് എന്യൂമറേറ്റര്‍ വരുമ്പോള്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
ദി രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണര്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) സെന്‍സസിന് ആവശ്യമായ ചോദ്യാവലി 2018ല്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം ജാതി വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നതാകും പുതിയ ചോദ്യാവലി. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, കുടിവെള്ള ലഭ്യത, പാചകവാതക കണക്ഷന്‍, വാഹന ഉടമസ്ഥത, മൊബൈല്‍ നമ്പര്‍, ഭക്ഷണരീതികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങളും സെന്‍സസിലുണ്ടാകും. ഏതാണ്ട് 13,000 കോടി രൂപയോളം സെന്‍സസിന് ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
The Home Ministry has officially notified that India’s 2027 Population Census will be conducted in two digital phases—from October 1, 2026, in snow‑bound regions, followed by the nationwide count starting March 1, 2027—with caste enumeration included for the first time in decades.
Read DhanamOnline in English
Subscribe to Dhanam Magazine