ഓഹരി വിപണിയിലെ മുന്നേറ്റം കരുത്തോ, അസ്ഥിരതയോ?

ഓഹരി വിപണിയിലെ അമിത വിശ്വാസത്തില്‍ ആശങ്കയുമായി സാമ്പത്തിക സര്‍വേ. ഓഹരി വിപണിയിലെ അമിത വിശ്വാസം ഊഹാപോഹത്തിനും വര്‍ധിച്ച വരുമാനം കിട്ടുമെന്ന കണക്കു കൂട്ടലിനും വഴിവെക്കുന്നു. ഇക്കാര്യത്തില്‍ ജാഗ്രത വേണം. യഥാര്‍ഥ വിപണി സാഹചര്യങ്ങളുമായി ഒത്തുപോകുന്നതല്ല ഈ അമിത വിശ്വാസം. യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമല്ല ഓഹരി വിപണി. വിപണിയുടെ അസ്ഥിര സ്വഭാവമാണ്, കരുത്തല്ല ഇത് പ്രകടമാക്കുന്നതെന്ന് കാണണം. മൊത്ത ആഭ്യന്തര ഉല്‍പാദനവും വിപണി വളര്‍ച്ചയും തമ്മിലുള്ള അന്തരം വലുതാണ്.
ചില്ലറ നിക്ഷേപകരുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധന ശ്രദ്ധയോടെ കണക്കിലെടുക്കേണ്ട വിഷയമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ചില്ലറ നിക്ഷേപരുടെ എണ്ണത്തിലും ഫണ്ട് ഒഴുക്കിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിഫ്റ്റി-50 26.6 ശതമാനമാണ് വളര്‍ച്ച കാണിക്കുന്നത് --സര്‍വേയില്‍ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചു വരവ് വേഗത്തിലായി
കോവിഡ് കാലത്തിനു ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരവ് ശക്തിപ്പെടുത്തിയ ചിത്രമാണ് 476 പേജ് വരുന്ന സാമ്പത്തിക സര്‍വേ എടുത്തു കാട്ടുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുന്നതില്‍ നയരൂപകര്‍ത്താക്കള്‍ നിര്‍ണായക പങ്ക് വഹിച്ചു. ആഗോള തലത്തില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതിയുണ്ട്.വളര്‍ച്ചാവേഗം തിരിച്ചു പിടിക്കുന്നതിന് ആഭ്യന്തരമായ ശ്രമങ്ങള്‍ ഗണ്യമായ തോതില്‍ വേണം. മൂലധന സ്മാഹരണത്തില്‍ പൊതുമുതല്‍മുടക്ക് പ്രധാനമാണെന്നിരിക്കേ തന്നെ, സ്വകാര്യ മേഖലയുടെ നിക്ഷേപം ഗണ്യമായി ഉയരുന്നുണ്ട്. ഇത് നല്ല കാര്യമാണ്. നിക്ഷേപം, വ്യാപാരം, കാലാവസ്ഥ തുടങ്ങിയ ആഗോള വിഷയങ്ങളില്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാന്‍ അങ്ങേയറ്റം പ്രയാസകരമാണ് സാഹചര്യമെന്ന് സാമ്പത്തിക സര്‍വേ ഓര്‍മിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ച ഉണ്ടായി. 2022-23 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. ബാങ്കിങ്-ധനകാര്യ മേഖല തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

അടുത്ത വര്‍ഷം കാര്‍ഷിക മേഖല മെച്ചപ്പെടും

മോശം കാലാവസ്ഥ മൂലം ഭക്ഷ്യസാധന വിലക്കയറ്റ പ്രവണത നിലനില്‍ക്കുന്നു. വിളകള്‍ക്ക് വലിയ തോതില്‍ നാശമുണ്ടായി. ദീര്‍ഘകാല വില സ്ഥിരത നേടണമെങ്കില്‍ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തി മുന്നോട്ടു നീങ്ങണം. കാര്‍ഷിക മേഖലയില്‍ 4.18 ശതമാനം വാര്‍ഷിക വളര്‍ച്ച; വ്യാവസായിക മേഖലയില്‍ വളര്‍ച്ച 9.5 ശതമാനം. മണ്‍സൂണ്‍ മോശമായതിനാല്‍ ഭക്ഷ്യധാന്യ ഉല്‍പാദനം നേരിയ തോതില്‍ കുറഞ്ഞെങ്കിലും അടുത്ത വര്‍ഷം കാര്‍ഷിക മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Related Articles
Next Story
Videos
Share it