വോട്ടെടുപ്പ് നാളെ കഴിയുന്നു; സിലിണ്ടർ നിയന്ത്രണം കടുക്കുമോ? ഗ്യാസ് ബുക്കിം​ഗിൽ മാറ്റം വരുമോ?

പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ കൃത്യമായ ആസൂത്രണത്തോടെ മാത്രമേ പാചക വാതക സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
Cooking Gas
Image : Canva
Published on

അ‍ഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിര‍ഞ്ഞെടുപ്പിന്റെ അവസാന​ഘട്ടം വോട്ടെടുപ്പ് നാളെ (ഏപ്രിൽ 29) പൂർത്തിയാകുന്നതോടെ, രാജ്യത്തെ പാചക വാതക (എൽ.പി.ജി) സിലിണ്ടർ വിതരണ ചട്ടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ, മേയ് ഒന്ന് ​വിതരണ ശൃംഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടാണ് എണ്ണ കമ്പനികളുടെ ഈ നീക്കം. കൂടാതെ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചേക്കാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു.

സിലിണ്ടർ ബുക്കിംഗ് ഇടവേളകളിലെ മാറ്റം

വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സിലിണ്ടർ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി, പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചപ്പോൾ തന്നെ രാജ്യത്തെ എൽ.പി.ജി സിലിണ്ടർ ബുക്കിംഗ് സംവിധാനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യുന്നതിന് നിശ്ചിത സമയപരിധി ഏർപ്പെടുത്തി. രണ്ട് ബുക്കിംഗിങ്ങുകൾക്കിടെ നഗരപ്രദേശങ്ങളിൽ 25 ദിവസത്തെയും (നേരത്തെ 21 ദിവസമായിരുന്നു) ​ഗ്രാമപ്രദേശങ്ങളിൽ 45 ദിവസം വരെയുമുള്ള ഇടവേള നിർബന്ധിതമാക്കി.

അതുപോലെ സിലിണ്ടറുകൾ ഉപഭോക്താവിന്റെ കൈകളിൽ തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഒ.ടി.പി അധിഷ്ഠിത വിതരണ സംവിധാനം (Delivery Authentication System) സ്ഥിരമായി നടപ്പിലാക്കും. നിലവിൽ ഓൺലൈൻ മുഖേനയുള്ള എൽ.പി.ജി ബുക്കിങ് 98 ശതമാനത്തിലേക്ക് ഉയർന്നെങ്കിലും ഡെലിവറി ഓഥന്റിക്കേഷൻ കോഡ് (ഒ.ടി.പി) വഴിയുള്ള സിലിണ്ടർ വിതരണം 94 ശതമാനമേയുള്ളൂ. കരിഞ്ചന്തയിലേക്കുള്ള സിലിണ്ടറുകളുടെ തിരിമറി കുറയ്ക്കുന്നതിനായി ഒ.ടി.പി അധിഷ്ഠിത വിതരണം കർശനമാക്കാനും എണ്ണക്കമ്പനികൾ ആലോചിക്കുന്നു.

സിലിണ്ടർ വില വർധിപ്പിക്കുമോ?

യുദ്ധം തുടങ്ങിയതിനു ശേഷം ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) എൽ.പി.ജി സിലിണ്ടറുകൾക്ക് 60 രൂപ വരെ വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള (19 കിലോ) എൽ.പി.ജി സിലിണ്ടറുകൾക്ക് ഒന്നിലധികം തവണയായി ഏകദേശം 340 രൂപയുടെ വില വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുകയറ്റവും പശ്ചിമേഷ്യയിൽ അനിശ്ചിതത്വം തുടരുന്നതും കണക്കിലെടുത്ത് അടുത്തമാസത്തോടെ പാചക വാതക വിലയിൽ വർധനയുണ്ടായേക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ കൃത്യമായ ആസൂത്രണത്തോടെ മാത്രമേ പാചക വാതക സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. വിതരണ സമയത്ത് ഒ.ടി.പി കൃത്യമായി ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ, സിലിണ്ടറുകളുടെ ബുക്കിങ്ങിനുള്ള നിർബന്ധിത ഇടവേള വർധിപ്പിച്ചത്, കുറഞ്ഞ ഉപയോഗമുള്ള വീടുകളെ കാര്യമായി ബാധിക്കില്ലെങ്കിലും, കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്ന കുടുംബങ്ങൾ പുതിയ സമയപരിധി ഏർപ്പെടുത്താനുള്ള സാധ്യത മുൻകൂട്ടി കാണേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com