പ്രവാസികള്‍ ജാഗ്രതൈ, ഗള്‍ഫ് രാജ്യത്തിരുന്ന് നെഗറ്റീവ് റിവ്യു ഇട്ടാല്‍ പണികിട്ടും

സോഷ്യല്‍മീഡിയയിലോ ഗൂഗിളിലോ നെഗറ്റീവ് റിവ്യു ഇടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവര്‍ സൂക്ഷിക്കുക. ഇത്തരം നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ക്കെതിരേ നിരന്തരം കേസ് വരുന്നതായി വിവിധ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇയില്‍ അടുത്തിടെ നിരവധി പേര്‍ ഇത്തരത്തില്‍ നിയമനടപടി നേരിടുന്നതായി ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസിനസ് ഗ്രൂപ്പുകള്‍ തങ്ങള്‍ക്കെതിരേ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങിയതാണ് കാരണം. തങ്ങളുടെ ബ്രാന്‍ഡിനെതിരേ അറിഞ്ഞോ അറിയാതെയോ പ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോയതോടെ നിരവധി പേര്‍ക്ക് നോട്ടീസും പിഴയും ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാത്തിരിക്കുന്നത് വലിയ പിഴ
യു.എ.ഇയിലെ നിയമം അനുസരിച്ച് മറ്റൊരു വ്യക്തിയെയോ അവരുടെ സ്ഥാപനത്തെയോ പൊതുമധ്യത്തില്‍ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നത് ക്രിമിനല്‍ കുറ്റമായിട്ടാണ് പരിഗണിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവോ 20,000 ദിര്‍ഹം പിഴയോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷ ലഭിക്കും. പത്രത്തിലോ മറ്റേതെങ്കിലും പ്രസിദ്ധീകരണങ്ങളിലൂടെയോ ആണ് അപകീര്‍ത്തിപ്പെടുത്തുന്നതെങ്കില്‍ വിഷയത്തിന്റെ ഗൗരവം കൂടും.
കഴിഞ്ഞ വര്‍ഷം ദുബായില്‍ ഇത്തരത്തിലൊരു കേസില്‍ ഒരു യുവതിയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഈ സ്ത്രീ പങ്കുവച്ച സോഷ്യല്‍മീഡിയ വീഡിയോയാണ് കേസിന് കാരണമായത്. ആശുപത്രിയുടെ സേവനം മോശമാണെന്നും ഡോക്ടര്‍മാര്‍ക്ക് ജോലി അറിയില്ലെന്നുമായിരുന്നു ഇവര്‍ വീഡിയോയില്‍ പറഞ്ഞത്. ആശുപത്രി അധികൃതര്‍ കേസുമായി മുന്നോട്ടു പോയതോടെ പോലീസ് നടപടി എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
സമാനമായ മറ്റൊരു കേസിലും ഇത്തരത്തില്‍ വലിയ പിഴ ഈടാക്കിയിരുന്നു. ഒരു മെഡിക്കല്‍ സെന്ററിനെ പറ്റിയുള്ള ഗൂഗിള്‍ റിവ്യുവാണ് യുവതിക്ക് തിരിച്ചടിയായത്. ഈ യുവതിക്ക് കോടതി പിഴയായി വിധിച്ചത് 1,13,693 രൂപയാണ്. യുവതിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് റദ്ദാക്കുകയും ചെയ്തു.
സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ നിയമത്തില്‍ വകുപ്പുകള്‍ ഉള്ളതിനാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയ അശ്രദ്ധ പോലും വലിയ പിഴശിക്ഷയ്ക്കും ജയില്‍വാസത്തിനും കാരണമാക്കിയേക്കാമെന്ന ആശങ്ക പ്രവാസികള്‍ക്കുമുണ്ട്.
Related Articles
Next Story
Videos
Share it