വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിനരികെ; കെഎസ്ഇബി ജാഗ്രതയില്‍

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം റെക്കോഡിനരികെ. ബുധനാഴ്ച (മാര്‍ച്ച് 15) രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 92.0416 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. പീക്ക് ലോഡ് ഡിമാന്റ് 4494 മെഗാവാട്ട് വരെ ഉയര്‍ന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും ചെറിയ രീതിയില്‍ വേനല്‍മഴ ലഭിച്ചതിനാല്‍ പീക്ക് ലോഡ് ഡിമാന്റ് 4150 മെഗാവാട്ടായി കുറഞ്ഞത് നേരിയ ആശ്വാസമായി.

ബോര്‍ഡ് ജാഗ്രതയില്‍

2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റാണ് സര്‍വകാല റെക്കോഡ്. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് കനത്ത ജാഗ്രതയിലാണ്. ആഭ്യന്തര ഉത്പ്പാദനം പരമാവധി കുറച്ച് കൂടുതല്‍ വൈദ്യുതി പുറത്തുനിന്നും എത്തിക്കാനാണ് ശ്രമം. മെയ് 1 മുതല്‍ 20 വരെ 100 മെഗാവാട്ടും 21 മുതല്‍ 31 വരെ 200 മെഗാവാട്ടും പുറത്തുനിന്നും എത്തിക്കാന്‍ ഹ്രസ്വകാല കരാറായത് വൈദ്യുതി ബോര്‍ഡിന് നേട്ടമായി. ഡീപ് പോര്‍ട്ടല്‍ വഴി പീക്ക് ടൈമില്‍ ( വൈകിട്ട് ഏഴിനും രാത്രി 11 നും ഇടയില്‍) വൈദ്യുതി എത്തിക്കാനാണ് കരാര്‍.

ബോധവത്കരണം നടത്തും

നിലവില്‍ പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി വിലയ്ക്ക് നേരിയ കുറവ് വന്നിട്ടുണ്ട്. യൂണിറ്റിന് 12 രൂപയാണ് പരമാവധി വില. ഇതിനിടെ ഓഫ് പീക്ക് ടൈമില്‍ വൈദ്യുതി വില്‍ക്കാനും കെഎസ്ഇബിക്ക് കഴിയുന്നുണ്ട്. ബുധനാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 27.1 ലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തേക്ക് വില്‍പ്പന നടത്തി. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് ബോധവത്കരണം നടത്തുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it