വൈദ്യുതി പ്രതിസന്ധി: 300 മെഗാവാട്ടിന് ഹ്രസ്വകാല കരാറായി
വൈദ്യുതി പ്രതിസന്ധി മുന്നില്‍ കണ്ട് ജാഗ്രതയോടെ വൈദ്യുതി ബോര്‍ഡ്. പ്രതിസന്ധി അതിരൂക്ഷമാകാന്‍ സാധ്യതയുള്ള മെയ് മാസത്തില്‍ 300 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നും എത്തിക്കാന്‍ ഹ്രസ്വകാല കരാറായി.
കരാര്‍ ഇങ്ങനെ
മെയ് 1 മുതല്‍ 20 വരെ 100 മെഗാവാട്ടും 21 മുതല്‍ 31 വരെ 200 മെഗാവാട്ടും എത്തിക്കാനാണ് കരാര്‍. ഡീപ് പോര്‍ട്ടല്‍ വഴി വൈകിട്ട് ഏഴിനും രാത്രി 11 നും ഇടയിലാണ് (പീക്ക് ടൈം) വൈദ്യുതി എത്തിക്കുന്നത്. നിലവില്‍ പവര്‍ എക്സ്ചേഞ്ച് വൈദ്യുതി വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. യൂണിറ്റിന് 12 രൂപയാണ് ഇപ്പോള്‍ പരമാവധി വില. ഇതിനിടെ അടിയന്തര സാഹചര്യത്തില്‍ പണം കണ്ടെത്താന്‍ ഫെഡറല്‍ ബാങ്കിലെ 350 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് പുതുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. 7.65 ശതമാനമാണ് പലിശ നിരക്ക്.
വൈദ്യുതി ഉപയോഗം
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം റെക്കോഡിനരികെയാണ്. ബുധനാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 92.0416 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പീക്ക് ലോഡ് ഡിമാന്റ് 4494 മെഗാവാട്ട് വരെ ഉയര്‍ന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും വേനല്‍മഴ ലഭിച്ചതിനാല്‍ പീക്ക് ലോഡ് ഡിമാന്റ് 4150 മെഗാവാട്ടായി കുറഞ്ഞത് നേരിയ ആശ്വാസമായി. 90.6338 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിലെ ഉപയോഗം. 2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റാണ് സര്‍വകാല റെക്കോഡ്.