അദാനിയില്‍ നിന്ന് കെ.എസ്.ഇ.ബി 303 മെഗാവാട്ട്‌ വൈദ്യുതി വാങ്ങും

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. 500 മെഗാവാട്ടായിരുന്നു ലക്ഷ്യം. വൈദ്യതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ ആദ്യ ടെണ്ടറില്‍ അദാനി പവര്‍, ഡി.ബി പവര്‍ എന്നീ രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. യൂണിറ്റിന് 6 രൂപ 90 പൈസ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് അദാനി പവറും യൂണിറ്റിന് 6 രൂപ 97 പൈസ വേണമെന്ന് ഡി.ബി പവറും ടെണ്ടറില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ നിരക്ക് കെ.എസ്.ഇ.ബിക്ക് സ്വീകാര്യമാകാത്തതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്തുകയും ഇരു കമ്പനികളും 6.88 രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്ന് കെ.എസ്.ഇ.ബിയെ അറിയിക്കുകയും ചെയ്തു. അദാനിയില്‍ നിന്നും 303 മെഗാവാട്ട് വൈദ്യുതിയും, ഡി.ബി പവറില്‍ നിന്നും 100 മെഗാവാട്ട് വൈദ്യുതിയും വാങ്ങും. ടെണ്ടര്‍ ഉറപ്പിച്ചതോടെ അന്തിമ അനുമതിക്കായി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിക്കും.

ഹ്രസ്വകാല കരാറിന് പുതിയ ടെണ്ടര്‍

ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് വൈദ്യുത വാങ്ങാനുള്ള ടെണ്ടര്‍ ഇന്ന് തുറക്കും. ഒരുമാസത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിലുള്ള ടെണ്ടര്‍ ആണ് ഇന്ന് തുറക്കുക. ഹ്രസ്വകാല കരാറില്‍ ഓരോ ദിവസവും വാങ്ങുന്ന വൈദ്യുതിക്ക് 7 മുതല്‍ 14 ദിവസത്തിന് ശേഷം പണം നല്‍കിയാല്‍ മതി.

അടുത്ത മഴക്കാലത്ത് തിരികെ നല്‍കുമെന്ന വ്യവസ്ഥയില്‍ സ്വാപ് അടിസ്ഥാനത്തില്‍ 500 മെഗാവാട്ട് വൈദ്യുത വാങ്ങുന്നതിനുള്ള ടെണ്ടര്‍ നാളെ തുറക്കും. പണത്തിന് പകരം, വാങ്ങുന്ന വൈദ്യുതി അടുത്ത വര്‍ഷം തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയാണ് സ്വാപ്പ് കരാറിന്റെ സവിശേഷത. സ്വാപില്‍ നിന്നുള്‍പ്പെടെ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ അടുത്ത മാസങ്ങളില്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ കഴിയൂ.

നിലവില്‍ യൂണിറ്റിന് 10 രൂപ നിരക്കില്‍ പവര്‍ എക്സ്ചേഞ്ച് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിന് 300 കോടിയുടെ ഗണ്യമായ നഷ്ടമുണ്ടാക്കുന്നു. ഇത് സമീപഭാവിയില്‍ ഉപഭോക്താക്കളെ ബാധിക്കുകയും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയിലേക്ക് നയിക്കുകയും ചെയ്യും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it