വൈദ്യുതി ബോര്‍ഡ് വീണ്ടും ഓവര്‍ഡ്രാഫ്റ്റ് കടം എടുക്കുന്നു

ഊര്‍ജ പ്രതിസന്ധി മുന്‍നിര്‍ത്തി അടിയന്തര സാഹചര്യത്തില്‍ പണം കണ്ടെത്താന്‍ ഓവര്‍ഡ്രാഫ്റ്റുകള്‍ (ഒ.ഡി) പുതുക്കാന്‍ കെഎസ്ഇബി. എസ്ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്ക്, കെ.എഫ്.സി എന്നിവിടങ്ങളിലാണ് വൈദ്യുതി ബോര്‍ഡിന് ഓവര്‍ഡ്രാഫ്റ്റ് ഉള്ളത്.

ഇവ പുതുക്കും

തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിലെ 75 കോടി രൂപയുടെ ഒ.ഡിയാണ് ഇപ്പോള്‍ പുതുക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും ഒ.ഡി പുതുക്കാനാണ് തീരുമാനം. എസ്ബിഐയുടെ എറണാകുളം കൊമേഴ്സ്യല്‍ ബ്രാഞ്ചില്‍ 3,150 കോടി, ബാങ്ക് ഓഫ് ബറോഡയില്‍ 845 കോടി, കാനറാ ബാങ്കില്‍ 850 കോടി എന്നിങ്ങനെയാണ് വൈദ്യുതി ബോര്‍ഡിന് ഓവര്‍ഡ്രാഫ്റ്റ് ഉള്ളത്.

പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ട അടിയന്തര ഘട്ടങ്ങളില്‍ പലിശനിരക്ക് കുറഞ്ഞ ഒ.ഡിയില്‍ നിന്നുള്ള പണം ആദ്യം പിന്‍വലിക്കും. നിലവില്‍ കൂടുതല്‍ പലിശനിരക്ക് തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിലെ ഓവര്‍ഡ്രാഫ്റ്റിനാണ് (10.6 ശതമാനം). മുന്‍കരുതല്‍ എന്ന നിലയിലാണ് ഓവര്‍ഡ്രാഫ്റ്റുകള്‍ പുതുക്കുന്നത്. പുറത്തു നിന്ന് കൂടുതല്‍ വൈദ്യുതി എത്തിച്ചിട്ടാണെങ്കിലും ഏതുവിധേനയും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ ശ്രമം.

പ്രതിദിന ഉപഭോഗം ഉയര്‍ന്നു

യൂണിറ്റിന് 50 രൂപ വരെ നിരക്കില്‍ വൈദ്യുതി വില്‍ക്കാന്‍ കഴിയുന്ന പ്രത്യേക വിപണി തുടങ്ങാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പവര്‍ എക്സ്ചേഞ്ചുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളിലെ വൈദ്യുതിയാണ് ഇവിടെ താരതമ്യേന വിലകുറച്ച് ലഭിക്കുക. പ്രകൃതിവാതക നിലയങ്ങളിലെ വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കണം. മെയ് വരെ 6 മുതല്‍ 8 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങാനാണ് നിലവില്‍ കെഎസ്ഇബി ഹ്രസ്വകാല കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it