കോലാപ്പൂരിയെ കോപ്പിയടിച്ച ഇറ്റാലിയന്‍ ബ്രാന്‍ഡ് കുടുങ്ങി; ചുളുവില്‍ ലാഭമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; ഒടുവില്‍ മുട്ടുമടക്കി
പ്രശസ്തമായ കോലാപ്പൂരി ചെരുപ്പിന്റെ മാതൃക മോഷ്ടിച്ച ലോകോത്തര ഇറ്റാലിയന്‍ ബ്രാന്‍ഡ് പുലിവാല് പിടിച്ചു. ആഗോള ബ്രാന്‍ഡായ പ്രാഡയുടെ പുതിയ മോഡല്‍ ചെരുപ്പ് വിപണിയിലെത്തും മുമ്പാണ് വിവാദം ഉയരുന്നത്. കഴിഞ്ഞയാഴ്ച നടന്ന മിലാന്‍ ഫാഷന്‍ വീക്കില്‍ ഏറെ പ്രത്യേകതകളോടെയാണ് പുതിയ മോഡല്‍ പ്രാഡ അവതരിപ്പിച്ചത്. തുകല്‍ ചെരുപ്പുകളുടെ ശ്രേണിയിലെ വിലയേറിയ പുതിയ മോഡല്‍ എന്ന രീതിയിലായിരുന്നു പരിചയപ്പെടുത്തല്‍. എന്നാല്‍, ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇന്ത്യയിലെ കോലാപ്പൂര്‍ ഗ്രാമത്തിലെ ചെരുപ്പ് നിര്‍മാതാക്കള്‍ പരമ്പരാഗതമായി ഉണ്ടാക്കുന്ന കോലാപ്പൂരി ചെരുപ്പാണ് ഇതെന്ന് വ്യക്തമായത്.
പ്രതിഷേധവുമായി കലാകാരന്‍മാര്‍
മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കോലാപ്പൂരി ചെരുപ്പ് നിര്‍മിക്കുന്ന കലാകാരന്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഈ സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിര്‍മിച്ചു വരുന്ന കോലാപ്പൂരി ചെരുപ്പ് ഭൗമസൂചികാ പദവിയുള്ള ഉല്‍പ്പന്നമാണ്. അനുമതിയില്ലാതെ ഇതിന്റെ മാതൃക മോഷ്ടിച്ച കമ്പനി കലാകാരന്‍മാരെ വഞ്ചിക്കുകയാണെന്നാണ് ആരോപണം. മഹാരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്‌സ് രംഗത്തെത്തിയതോടെ കര്‍ഷകരുടെ പ്രതിഷേധം ആഗോളശ്രദ്ധ നേടുകയാണ്. പ്രാഡ കമ്പനിക്ക് ചേംബര്‍ ഭാരവാഹികള്‍ ഇതുസംബന്ധിച്ച് കത്തയച്ചു. കോലാപ്പൂരി ചെരുപ്പിന്റെ നിര്‍മാതാക്കളെ അംഗീകരിക്കാതെ ബ്രാന്‍ഡിംഗ് നടത്തുന്നതിനെ ചേംബര്‍ വിമര്‍ശിച്ചു. ചേംബര്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രാഡ മാനേജ്‌മെന്റ് അറിയിച്ചിരിക്കുകയാണ്.
വില കൂടിയ ബ്രാന്‍ഡ്
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വ്യാപകമായി വില്‍ക്കുന്ന ഉല്‍പ്പന്നമാണ് കോലാപ്പൂരി ചെരുപ്പുകള്‍. മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും ടൂറിസ്റ്റുകള്‍ വാങ്ങാന്‍ ഏറെ ഇഷ്ടപ്പെടുന്ന പൈതൃക ഉല്‍പ്പന്നം. 300 രൂപ വരെയാണ് ഇന്ത്യയില്‍ ഇതിന്റെ വില. അതേസമയം വിലകൂടിയ ഉല്‍പ്പന്നമെന്ന രീതിയിലാണ് പ്രാഡ ഇതിനെ അവതരിപ്പിക്കുന്നത്. വിപണി വില പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും പ്രാഡയുടെ പാദരക്ഷകള്‍ 600 പൗണ്ടിനും 1,000 പൗണ്ടിനും (70,000-1.17 ലക്ഷം രൂപ) ഇടയില്‍ വിലയുള്ളതാണ്. കോലാപ്പൂര്‍ കലാകാരന്‍മാരുടെ കരവിരുതിനെ വിറ്റ് വന്‍ലാഭം കൊയ്യാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് കോലാപ്പൂരിലെ വ്യാപാരികള്‍ പറയുന്നു. ഇവ കോലാപ്പൂര്‍ ചെരുപ്പുകള്‍ എന്ന പേരില്‍ തന്നെ ബ്രാന്‍ഡ് ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്‍മാരെ കമ്പനി ആദരിക്കുന്നതായും മഹാരാഷ്ട്ര ചേംബറുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും പ്രാഡ വക്താവ് വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine