

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായിക കെമിക്കല്‍/ഫാര്‍മ അസംസ്‌കൃതവസ്തു നിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവീണ്‍ വെങ്കട്ടരമണനെ നിയമിച്ചു. 2024 ഓഗസ്റ്റ് നാലു മുതല്‍ 2027ലെ വാര്‍ഷിക പൊതുയോഗം (എ.ജി.എം) വരെയാണ് നിയമനമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു.
നിലവിലെ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്റെ പിന്‍ഗാമിയായിട്ടാണ് പ്രവീണ്‍ വെങ്കട്ടരമണന്റെ വരവ്. രണ്ടുവര്‍ഷത്തിനിടെ നിറ്റ ജെലാറ്റിനില്‍ എത്തുന്ന മൂന്നാമത്തെ എം.ഡിയാകും പ്രവീണ്‍ വെങ്കട്ടരമണന്‍. 2022 ഏപ്രിലില്‍ ചുമതലയേറ്റ ഫിലിപ്പ് ചാക്കോ എം 2023 മേയില്‍ രാജിവച്ചിരുന്നു.
പദവിയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ സമയത്തായിരുന്നു അദ്ദേഹത്തിന്റെ രാജി. പിന്നാലെയായിരുന്നു സജീവ് മേനോനെ വീണ്ടും ഈ സ്ഥാനത്തേക്ക് നിയമിച്ചത്. സജീവ് കെ. മേനോന്‍ എം.ഡിയുടെ റോളില്‍ നിന്ന് പടിയിറങ്ങുമെങ്കിലും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരും.
സിന്തൈറ്റില്‍ നിന്ന് പ്രവീണിന്റെ വരവ്
കോലഞ്ചേരി ആസ്ഥാനമായുള്ള സുഗന്ധവ്യഞ്ജന ഉത്പാദന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നാണ് പ്രവീണ്‍ വെങ്കട്ടരമണന്‍ എത്തുന്നത്. സിന്തൈറ്റിന്റെ സ്‌പൈസ് ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
കൊമേഴ്‌സ് ബിരുദധാരിയായ പ്രവീണ്‍ വെങ്കട്ടരമണന്‍ ഹൈദരാബാദ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് സി.എം.എയും സ്വന്തമാക്കിയിട്ടുണ്ട്. 25 വര്‍ഷം നീണ്ട പ്രെഫഷണല്‍ ജീവിതത്തില്‍ ഇന്ത്യയ്ക്കകത്തും ലാറ്റിനമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലും ഉയര്‍ന്ന പദവിയിലിരുന്നിട്ടുണ്ട്. വാര്‍ണര്‍ ലാംബെര്‍ട്ട് ഇന്ത്യ ലിമിറ്റഡ്, സ്‌ട്രൈഡ്‌സ് അര്‍ക്കോലാബ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിറ്റ ജെലാറ്റിന്‍
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
പുതിയ മാനേജിംഗ് ഡയറക്ടറുടെ നിയമനം സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത് ഓഹരികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. 1.51 ശതമാനം വര്‍ധിച്ച് 835 രൂപയിലാണ് കമ്പനിയുടെ ഓഹരി വിലയുള്ളത്. 761 കോടി രൂപയാണ് നിലവില്‍ കമ്പനിയുടെ വിപണിമൂല്യം.
2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 84 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 2023-24 വര്‍ഷത്തെ വരുമാനം 533 കോടി രൂപയായിരുന്നു. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ (2022-23) 74 കോടിയില്‍ നിന്ന് 10 കോടി കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കമ്പനിക്കായി.
Read DhanamOnline in English
Subscribe to Dhanam Magazine