Begin typing your search above and press return to search.
മീന്‍ കിട്ടാനില്ല, കോഴിക്കും പച്ചക്കറിക്കും തീവില
വിലക്കയറ്റത്തിന്റെ ചുഴലിയില്‍പെട്ട് ഉഴലുകയാണ് മലയാളികളുടെ തീന്‍മേശ. ട്രോളിംഗ് നിരോധനത്തിന് മുന്‍പേ മത്സ്യ വില ഉയര്‍ന്നു. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും അനുദിനം വിലവര്‍ധിക്കുകയാണ്. ചിക്കന്റെ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നു. ഒപ്പം കറന്റ് ബില്ലും വെള്ളക്കരവും ഉള്‍പ്പെടെയുള്ള മാസബില്ലുകളും കുതിച്ചുയര്‍ന്നപ്പോള്‍ കുടുംബ ബജറ്റ് ആകെ താളം തെറ്റുകയാണ്.
കോഴി വില പറക്കുന്നു
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് മീന്‍കിട്ടാതാകുമ്പോള്‍ മാംസാഹാരപ്രിയര്‍ കൂടുതലായി കോഴിയേയും കോഴിമുട്ടയേയും ആശ്രയിച്ചു തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ അത് പറ്റാത്ത സ്ഥിതിയാണ്. കോഴിവില പറന്നുയരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി 175 രൂപയിലാണ് കോഴിവില. ഇന്ന് രണ്ടുരൂപ കുറഞ്ഞെങ്കിലും ഇത് താത്കാലികമായിരിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ബക്രീദ് അടുത്തു വരുമ്പോള്‍ വീണ്ടും വില 200 രൂപയിലെത്താനുള്ള സാധ്യതയിലേക്കാണ് ഇവര്‍ വിരല്‍ ചൂണ്ടുന്നത്. കോഴി ഇറച്ചിക്ക് കിലോ 260 രൂപയാണ് വില. മാസങ്ങള്‍ക്ക് മുന്‍പ് 110-120 രൂപ നിലവാരത്തിലായിരുന്ന കോഴിവില അതിവേഗമാണ് 175 ലേക്ക് എത്തിയത്. സാധാരണ ഇത്രയും വില വന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം കുറയാറുണ്ട്. മൂന്നാഴ്ചയോളം വില ഉയര്‍ന്നു നിലക്കുന്നത് ഇതാദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തെ ഫാമുകളില്‍ കോഴി ഉത്പാദനം കുറഞ്ഞതാണ് വില കയറ്റത്തിന് കാരണമായി പറയുന്നത്. എന്നാല്‍ കോഴി ലഭ്യതയില്‍ കുറവുണ്ടാകാത്തതും വലിയ കോഴികളെ ലഭിക്കുന്നതും ഈ വിലക്കയറ്റം മനപൂര്‍വം സൃഷ്ടിച്ചാതാണെന്ന സംശയത്തിനിടയാക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും കോഴി എത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ ലോബിയാണ് വില നിശ്ചയിക്കുന്നതും. സംസ്ഥാനത്ത് ഏകീകൃത വില നിയന്ത്രണത്തിന് സംവിധാനമില്ലാത്തതും വില ഉയര്‍ത്താന്‍ കാരണമാകുന്നു.
മുട്ടയുടെ വിലയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിച്ചു. താറാമുട്ടയ്ക്ക് 12 രൂപയും കോഴിമുട്ടയ്ക്ക് ഏഴ് രൂപയുമാണ് വില. ആറര രൂപയാണ് കോഴിമുട്ടയ്ക്ക് വിലയെങ്കിലും ഒരെണ്ണമായി വാങ്ങിയാല്‍ ഏഴ് രൂപ നല്‍കേണ്ടി വരും.
മീന്‍ കൈപൊള്ളിക്കും
സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് വാങ്ങാനാകാത്ത വിധത്തില്‍ മീന്‍ വില കുതിച്ചുയര്‍ന്നു. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിക്ക് കിലോയ്ക്ക് ഇന്ന് 280 രൂപവരെ വില ഉയര്‍ന്നെന്ന് മത്സ്യക്കച്ചവടക്കാര്‍ പറയുന്നു. 100 മുതല്‍ 120 രൂപ വരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയര്‍ന്നിരിക്കുന്നത്. അയലയ്ക്ക് 260-280 രൂപയായി. ചൂടന്റെ വില 120 രൂപയാണ്. നാരന്‍ ചെമ്മീന് 350 മുതല്‍ 370 രൂപ നരെയായി. ചെറുവള്ളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്. ആവശ്യക്കാര്‍ കൂടുതലായതിനാല്‍ കടപ്പുറത്ത് വള്ളമെത്തും മുന്‍പു തന്നെ മത്സ്യങ്ങള്‍ തീരുന്നസ്ഥിതിയാണ്. വലിയ കാറ്റിന് സാധ്യതയുള്ളതിനാല്‍ ചെറുവള്ളങ്ങള്‍ കടലില്‍ പോകുന്നതും കുറവാണ്. വളര്‍ത്തു മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അതിനത്ര ഡിമാന്റില്ല.
പച്ചക്കറികള്‍ക്കും വില മേലോട്ട്
പച്ചക്കറി വില താഴാതെ നില്‍ക്കുന്നതും സാധാരണക്കാരെ വലയ്ക്കുന്നു. കൊച്ചുള്ളിയുടെ വില 72 രൂപയായി. ബീന്‍സിനും ക്യാരറ്റിനും നൂറുരൂപയാണ്. 60-70 രൂപ നിലവാരത്തിലായിരുന്നു നേരത്തെ വില. തക്കാളിക്കും അച്ചിങ്ങയ്ക്കും 60 രൂപയായി. പച്ചമുളകിന്റെ വിലയും 100 കടന്നു. ഇഞ്ചിക്ക് 220 രൂപ, വെളുത്തുള്ളിയ്ക്ക് 130 രൂപയായി. വെണ്ടയ്ക്കയുടെ വില ഇരിട്ടിയലധികമാണ് കൂടിയത്. സവാള വിലയാണ് ആശ്വാസം നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കിലോയ്ക്ക് 20 രൂപ നിലവാരത്തിലാണ് സവാള വില. ധാന്യങ്ങള്‍ക്കും വില ഉയര്‍ന്നു തന്നെയാണ്. ചെറുപയറിന്റെ വില 160 രൂപയായി. പെരും ജീരകം, ഉണക്കമുളക് എന്നിവയുടെ വിലയും കൂടുതലാണ്.
വില വര്‍ധിപ്പിക്കാന്‍ ഹോട്ടലുകള്‍
സംസ്ഥാനത്ത് പച്ചക്കറി, പലവ്യഞ്ജനം, ചിക്കന്‍, മത്സ്യം അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുതിച്ചുയര്‍ന്നതിനാല്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ പറഞ്ഞു. കോഴിയുടെ വില ഉയര്‍ന്നതു മൂലം മാത്രം ഇടത്തരം ഹോട്ടലുകളുടെ പ്രതിദിന ചെലവ് 3,000-4,000 രൂപ വരെ വര്‍ധിച്ചു. ഇതുകൂടാതെ പച്ചക്കറികളുടേയും മറ്റ് അവശ്യസാധനങ്ങളുടേയും വില വര്‍ധിച്ചതു മൂലമുള്ള ചെലവുകള്‍ വേറെയും. സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് വില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സാധാരണ ഇത്തരം സാഹചര്യത്തില്‍ പ്രസ്താവനയെങ്കിലും ഇറക്കുന്ന സര്‍ക്കാര്‍ പൂര്‍ണമായും വിലക്കയറ്റത്തെ അവഗണിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വൈദ്യുതി നിരക്കും വെള്ളക്കരവും ഉയര്‍ന്നതും തിരിച്ചടിയായി. കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നതോടെ യൂണീഫോം, ബുക്ക്, കുട, ബാഗ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ ചെലവാക്കിയതും ഫീസിനത്തിലെ ചെലവുകളും കൂടി ആകുമ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും ആകാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
Next Story
Videos