പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍: രാവിലെ 11.30 ന് കണ്ണൂരില്‍ എത്തും, വൈകീട്ട് തിരിച്ചു പോകും
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തും. രാവിലെ പതിനൊന്നരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി അവിടെ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാകും വയനാട്ടിലേക്ക് പോകുക. വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. വൈകീട്ട് നാലു മണിയോടെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് മടങ്ങും. സുരേഷ് ഗോപി എം.പിയും അദ്ദേഹത്തെ അനുഗമിക്കും. ദുരന്തബാധിതര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് കേരളത്തിന് പ്രതീക്ഷയുണ്ട്.
ദുരന്തമേഖലയില്‍ മൂന്നുമണിക്കൂര്‍
കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രിക്കൊപ്പം ഇവരും വയനാട്ടിലേക്ക് പോകും. ഉച്ചക്ക് 12.15 ന് പ്രധാനമന്ത്രിയും സംഘവും ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന മുണ്ടക്കൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മണിക്കൂറാണ് അവിടെ ചിലവിടുക. ദുരന്ത സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിക്കും. വയനാട് കലക്‌റേറ്റില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. 3.15 ന് ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് തിരിക്കും. 3.45 ന് അവിടെ നിന്ന് ദല്‍ഹിയിലേക്ക് മടങ്ങും.
റോഡുകളിലും കനത്ത സുരക്ഷ
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മുതല്‍ വയനാട് വരെ റോഡുകളിലും സുരക്ഷ ശക്തമാക്കും. വ്യോമയാത്രക്ക് എന്തെങ്കിലും തടസ്സം നേരിട്ടാന്‍ കണ്ണൂരില്‍ നിന്ന് റോഡ് മാര്‍ഗമായിരിക്കും പ്രധാനമന്ത്രിയും സംഘവും വയനാട്ടില്‍ എത്തുക. ഇതിനായി പ്രത്യേക സുരക്ഷയുള്ള വാഹനങ്ങള്‍ സജ്ജമാണ്. വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ ചുരത്തില്‍ ഹെവി വാഹനങ്ങള്‍ പൂര്‍ണ്ണമായി നിരോധിച്ചു.
ഇന്ന് തിരച്ചില്‍ നിര്‍ത്തിവെക്കും
ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്ന് തിരച്ചില്‍ ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പത്തു ദിവസം മുമ്പുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍ പെട്ടവര്‍ക്കായി നടക്കുന്ന തെരച്ചില്‍ തുടരാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം. ഒരു വിഭാഗം സൈനികര്‍ മടങ്ങിയെങ്കിലും വിവിധ ദുരന്തനിവാരണ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചില്‍ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുക്കുക.