കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ആദ്യയാത്ര ജൂണ്‍ 4ന്

നിരക്കുകളും പ്രഖ്യാപിച്ചു; യാത്ര തുടങ്ങുന്നത് ഈ സ്റ്റേഷനില്‍ നിന്ന്
Image: Canva
Image: Canva
Published on

വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യത്തെ സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജാണ് ഇത്. ജൂണ്‍ നാലിനാണ് ആദ്യ സര്‍വീസ്. മുംബൈ, ഗോവ, അയോധ്യ എന്നിവിടങ്ങളിലേക്കുള്ള യാത്ര തിരുവനന്തപുരത്ത് നിന്നാണ് ആരംഭിക്കുന്നത്.

ചെന്നൈ ആസ്ഥാനമായ എസ്.ആര്‍.എം.പി.ആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രിന്‍സി ട്രാവല്‍സ് ടൂര്‍ പാക്കേജ് ഒരുക്കുന്നത്. 750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ട്രെയിനിലുണ്ടാകും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് കയറാമെന്ന് പ്രിന്‍സി ട്രാവല്‍സ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു. സി.സി.ടി.വി, ജി.പി.എസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ട്രെയിനില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

ആദ്യ യാത്ര ഗോവയ്ക്ക്

ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്.

8 ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോധ്യ, വാരാണാസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഉടനീളം ഒരുക്കുന്നത്.

മുംബൈ യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എ.സിയില്‍ 18,825 രൂപയും തേര്‍ഡ് ടയറില്‍ 16,920 രൂപയും സ്ലീപ്പറില്‍ 15,050 രൂപയുമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും നടത്തുകയെന്ന് പ്രിന്‍സി ട്രാവല്‍സ് എം.ഡി ഇ.എക്‌സ്. ബേബി തോമസ് വ്യക്തമാക്കി.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിറുത്തുമെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ടൂര്‍ പാക്കേജുമായി സഹകരിച്ചാണ് പ്രിന്‍സി ട്രാവല്‍സിന്റെ പാക്കേജ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com