കേരള നിരത്തുകള്‍ കീഴടക്കാന്‍ രാജസ്ഥാന്‍ ബസുകള്‍; പുതിയ ബിസിനസ് തന്ത്രവുമായി ഉടമകള്‍

സ്വകാര്യ ബസ് വ്യവസായം കേരളത്തില്‍ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതും കെ.എസ്.ആര്‍.ടി.സി പല റൂട്ടുകളിലേക്കും കടന്നു കയറുന്നതുമെല്ലാം വലിയ തോതില്‍ സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ബസുകളുടെ അറ്റക്കുറ്റപ്പണിയും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കി കഴിഞ്ഞാല്‍ പിന്നെ കാര്യമായ നീക്കിയിരിപ്പൊന്നുമില്ലെന്ന് ബസുടമകള്‍ പറയുന്നത്.
ഇപ്പോഴിതാ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ നിന്ന് പഴയ ബസുകള്‍ വാങ്ങുകയാണ് ബസുടമകള്‍. പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിന്റെ പാതി വിലയ്ക്ക് വലിയ പ്രശ്‌നങ്ങളില്ലാത്ത രാജസ്ഥാന്‍ ബസുകള്‍ കേരളത്തിലെ നിരത്തിലിറക്കാന്‍ സാധിക്കുന്നു. രാജസ്ഥാനില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ എട്ടു വര്‍ഷം മാത്രമാണ് ഓടിക്കാന്‍ സാധിക്കുക. അതു കഴിഞ്ഞാല്‍ ബസ് ഒഴിവാക്കേണ്ടി വരും. ഈ ബസുകളാണ് ഇപ്പോള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ബസുകള്‍ ഏഴു വര്‍ഷം ഇവിടെ സര്‍വീസ് നടത്താന്‍ സാധിക്കും.

ചെലവ് കുറവ്, കൂടുതല്‍ ലാഭം

പുതിയൊരു ബസ് കേരള നിരത്തില്‍ ഇറക്കണമെങ്കില്‍ 42 മുതല്‍ 50 ലക്ഷം രൂപ വരെ വിലവരും. പുതിയ ഷാസിക്ക് മാത്രം 30 ലക്ഷം രൂപയ്ക്ക് മുകളിലാകും. ബോഡി നിര്‍മിക്കുന്നതിന് 12 ലക്ഷം രൂപയ്ക്ക് മുകളിലാണ് ചെലവ്. ഇന്‍ഷൂറന്‍സും ബാക്കി ചെലവുകളും എല്ലാം കൂട്ടുമ്പോള്‍ വലിയ സംഖ്യയാകും. എന്നാല്‍ രാജസ്ഥാനില്‍ നിന്നുള്ള എട്ടു വര്‍ഷത്തിനു മുകളിലുള്ള ബസുകള്‍ക്ക് പരമാവധി വില 11 ലക്ഷം രൂപയാണ്.
ഈ ബസുകള്‍ നാട്ടിലെത്തിച്ച് ബോഡി കയറ്റുമ്പോള്‍ ചെലവ് 7 ലക്ഷം രൂപ വരെയെ ആകുന്നുള്ളൂ. എല്ലാ ചെലവുകളും കഴിയുമ്പോള്‍ 20 ലക്ഷം രൂപയില്‍ താഴെയേ വരുന്നുള്ളൂ. ഏഴു വര്‍ഷം സര്‍വീസ് നടത്തി മുടക്കുമുതലും ലാഭവും നേടാന്‍ ബസുടമകള്‍ക്ക് ഇതുവഴി സാധിക്കും. രാജസ്ഥാനില്‍ നിന്നുള്ള ബസുകള്‍ നാട്ടിലെത്തിച്ച് കൊടുക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്.

ബസ് വ്യവസായം തകര്‍ച്ചയില്‍

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ എണ്ണം പത്തുവര്‍ഷത്തിനിടെ പകുതിയായെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ലാഭം കുറഞ്ഞതും ചെലവ് കൂടിയതുമാണ് പലരെയും കളംവിടാന്‍ പ്രേരിപ്പിച്ചത്. പല ബസുകളിലും കണ്ടക്ടര്‍, ഡ്രൈവര്‍ റോളിലേക്ക് ഉടമകള്‍ മാറേണ്ടി വന്നിട്ടുണ്ട്. 32,000 ബസുകളും രണ്ടര ലക്ഷത്തിലേറെ ജീവനക്കാരും ഉണ്ടായിരുന്ന മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് പാതിയില്‍ താഴെ മാത്രമാണ്.
Related Articles
Next Story
Videos
Share it