

ഉത്സവ-ആഘോഷ വേളകളില്‍ നാട്ടിലെത്താന്‍ മലയാളികള്‍ പൊതുവേ ആശ്രയിക്കുന്നത് ബസുകളെയും ട്രെയിനുകളെയുമാണ്. പ്രത്യേകിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരകണക്കിന് മലയാളികളാണ് ഈ അവസരങ്ങളില്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഭൂരിഭാഗം ട്രെയിനുകളിലും ടിക്കറ്റ് ബുക്കിംഗ് പരിധി കഴിഞ്ഞിരിക്കുകയാണ്. റോഡ് മാര്‍ഗം നാട്ടിലെത്താന്‍ കരുതിയാല്‍ ബസുകളും വലിയ നിരക്കാണ് ഈടാക്കുന്നത്.
ഓണം സീസണ്‍ പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസുകള്‍ സീറ്റിന് 4,000 രൂപയിലധികമാണ് ഈടാക്കുന്നത്. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് 4,250 രൂപ ഈടാക്കുന്ന സ്വകാര്യ ബസുകളും ഉണ്ട്. സാധാരണ ഈടാക്കുന്ന നിരക്കിന്റെ ഇരട്ടിയിലധികമാണ് ഇതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
അതേസമയം കെ.എസ്.ആര്‍.ടി.സിയും നിരക്ക് കൂട്ടിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ നിരക്ക് സെപ്റ്റംബർ 11 മുതൽ ഉത്രാടദിനമായ 14ാം തീയതി വരെ 600 രൂപയാണ് കെ.എസ്.ആര്‍.ടി.സി വര്‍ധിപ്പിച്ചിരിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ നിരക്ക് കൂട്ടുന്ന സ്വകാര്യ ബസുകളുടെ മാതൃകയാണ് കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. നോൺ എ.സി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും ടിക്കറ്റ് നിരക്കില്‍ 300 രൂപയുടെ വര്‍ധനയുണ്ട്.
സാധാരണ പ്രവൃത്തി ദിനങ്ങളിൽ സീറ്റിന് 1,151 രൂപയാണ് ഗരുഡ ബസ് ഈടാക്കുന്നത്. എന്നാല്‍ തിരക്കുളള ദിവസങ്ങളില്‍ 1,740 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്.
അതേസമയം, ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധികമായി 58 അന്തർ സംസ്ഥാന സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യല്‍ സർവീസുകൾ ഉളളത്. . സെപ്തംബർ 9 മുതൽ 23 വരെ സ്‌പെഷ്യൽ സർവീസ് ഉണ്ടായിരിക്കും.
കർണാടക ആർ.ടി.സിയും ഓണം സീസണിൽ 21 അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി 71 കോടി രൂപയാണ് നേടിയത്. 8.48 കോടി രൂപയായിരുന്നു ഒരു ദിവസത്തെ ഉയർന്ന കളക്ഷൻ.
Read DhanamOnline in English
Subscribe to Dhanam Magazine