കോടികളുടെ കുടിശിക വരുത്തി സര്‍ക്കാര്‍; 'കാരുണ്യ' പദ്ധതിയില്‍ നിന്ന് പിന്മാറി ആശുപത്രികള്‍

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (KASP) നിന്നും പിന്മാറി സ്വകാര്യ ആശുപത്രികള്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക തുക കഴിഞ്ഞമാസം 14 വരെയുള്ള കണക്കുകള്‍ പ്രകാരം 867 കോടി രൂപയാണ്. കുടിശിക വീട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും പല ആശുപത്രികള്‍ക്കുമായി 200-250 കോടിയോളം രൂപ കുടിശികയുണ്ട്.സര്‍ക്കാര്‍ ആശുപത്രികളില്‍ എംപാനല്‍ ചെയ്തിട്ടുള്ള ലാബ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനികള്‍ എന്നിവയും പൂര്‍ണമായും സര്‍വീസ് അവസാനിപ്പിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാർ പ്രതിസന്ധിയിലായി.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള എം.ഇ.എസിന് മാത്രം 15 കോടിയിലധികം ലഭിക്കാനുണ്ടെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ ചികിത്സ തേടുന്ന 50 ശതമാനത്തോളം പേരും കാസ്പിനെ ആശ്രയിച്ചെത്തുന്നവരാണ്. മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. ഇവിടെ ചികിത്സയ്‌ക്കെത്തുന്നവരില്‍ 50 ശതമാനവും കാരുണ്യ സ്‌കീമിന് കീഴിലാണ്. കാരുണ്യ പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചു.

42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയാണിത്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശിക ലഭിക്കുന്നില്ലെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന ജോയ്ന്റ് സെക്രട്ടറിയും കോട്ടയം ജില്ലാ പ്രസിഡന്റുമായ അഡ്വ.ഷീബ ജെക്കബ് പറയുന്നത്. കുടിശിക അനുവദിക്കാത്തതില്‍ ഒക്ടോബർ ഒന്ന് മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ.പി.എച്ച്.എ ) അംഗങ്ങളായ ആശുപത്രികള്‍ സംയുക്ത തീരുമാനമെടുത്തിരിക്കുകയാണെന്നും ഷീബ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ കാരുണ്യ പദ്ധതികളില്‍ സര്‍ജറി കാത്തിരുന്ന രോഗികളില്‍ പലരും എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. അതേസമയം കുടിശിക പൂര്‍ണമായും തീര്‍ക്കാനുള്ള ഫണ്ടില്ല എന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. 1600 കോടി രൂപയാണ് ഒരു വര്‍ഷം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. ഇത് മതിയാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ കാരുണ്യ പദ്ധതിയിലുള്‍പ്പെട്ട, കേള്‍വിയില്ലാത്ത കുട്ടികള്‍ക്ക് ശ്രവണ സഹായികള്‍ നല്‍കുന്ന 'ശ്രുതി തരംഗം'പദ്ധതിയില്‍ നിന്നും ഒരു കുട്ടിയെയും ഒഴിവാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കെ.പി.എച്ച്.എയുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമോ എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

എന്താണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP)?

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ആരോഗ്യപരിചരണം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി(KASP). ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം എത്തിക്കുന്ന പദ്ധതിയില്‍ ഓരോ വ്യക്തിക്കും 90,000 രൂപ വരെ ഓരോ സാമ്പത്തിക വര്‍ഷവും സൗജന്യ ചികിത്സ നല്‍കുമെന്നതായിരുന്നു വാഗ്ദാനം. സംസ്ഥാനത്തെ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളുമാണ് ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്നിരുന്നത്. കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ ഇത്തരത്തില്‍ ചികിത്സ നല്‍കിയിരുന്നു. ഡോക്റ്റര്‍മാര്‍ക്കുള്ള ഫീസ്, ഓപ്പറേഷന്‍, ഇംപ്ലാന്റുകളുള്ളവര്‍ക്ക് അത്തരത്തിലുള്ള ചെലവുകള്‍, ശസ്ത്രക്രിയാനന്തരം വേണ്ട ചികിത്സകള്‍ എന്നീ സേവനങ്ങളെല്ലാം ഈ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2008 മുതലുള്ള പദ്ധതിയില്‍ 2011 ലെ സെന്‍സസ് അനുസരിച്ച് കൂടുതല്‍ വ്യക്തികളെ ചേര്‍ത്തിരുന്നു. 42 ലക്ഷത്തോളം പേര്‍ക്കാണ് കാരുണ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഉണ്ടായിരുന്നത്.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it