ജോലിക്ക് ലീവിട്ട് നാടുചുറ്റാൻ വനിതകൾ; ടൂറിസം കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയ ആ 'സൗജന്യ' വിപ്ലവം!

അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്റ്‌സ് കൂട്ടായ്മകള്‍, ഓഫീസിലെ വനിതാ കൂട്ടായ്മകള്‍ തുടങ്ങിയിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂട്ടമായി എത്തുന്നത്.
ജോലിക്ക് ലീവിട്ട് നാടുചുറ്റാൻ വനിതകൾ; ടൂറിസം കേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയ ആ 'സൗജന്യ' വിപ്ലവം!
Published on

മഴക്കാലമാണെങ്കിലും സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം സജീവമാണ്. വിദേശീയരും ഇതര സംസ്ഥാന ടൂറിസ്റ്റുകളും കൂട്ടത്തോടെ വരുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര വന്നതോടെയാണ് ഈ ട്രെന്റ് മാറ്റം. പ്രിയദര്‍ശിനി ബസ് പിടിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനെത്തുവരുടെ എണ്ണം വര്‍ധിച്ചതാണ് കാരണം.

ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനിതകളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. ബസ് യാത്ര സൗജന്യമായതിനാല്‍ പലരും ജോലിക്ക് തന്നെ അവധി നല്കി നാടുകാണാന്‍ ഇറങ്ങിയിരിക്കുകയാണ്. യാത്രക്കാര്‍ കൂടിയതോടെ പത്തനംത്തിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള സൗജന്യ ബസിലെ യാത്രക്കാരുടെ എണ്ണം 50 ആയി നിജപ്പെടുത്തേണ്ടി വന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ കുടുംബത്തോടെ കാഴ്ച കാണാനെത്തുന്നവരാണ് കൂടുതല്‍. എന്നാല്‍ മറ്റു ദിവസങ്ങളിലും തിരക്കിന് കുറവില്ല. അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്റ്‌സ് കൂട്ടായ്മകള്‍, ഓഫീസിലെ വനിതാ കൂട്ടായ്മകള്‍ തുടങ്ങിയിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂട്ടമായി എത്തുന്നത്. സൗജന്യ യാത്രയായതിനാല്‍ കാര്യമായ പണച്ചെലവ് ഇല്ലാതെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് ഇതിന്റെ നേട്ടം.

ഒന്നോ രണ്ടോ ബസുകള്‍ മാറിക്കയറിയാണ് പലരും സമീപ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത്. മൂന്നാറിലേക്ക് പോകുന്ന വനിതാ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് അടിമാലി കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

പ്രിയദര്‍ശിനി ബസുകളില്‍ സഞ്ചാരികള്‍ വര്‍ധിച്ചത് പ്രദേശവാസികള്‍ക്ക് തിരിച്ചടിയാകുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാര റൂട്ടുകളില്‍ പല ബസുകളിലും വലിയ തിരക്കാണ്. എന്നാല്‍ സ്വകാര്യ ബസുകളില്‍ തിരക്ക് തീരെ കുറയുകയും ചെയ്തു.

സഞ്ചാരികള്‍ വരുന്നെങ്കിലും മെച്ചമില്ല

സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെങ്കിലും ഈ ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വനിതാ സഞ്ചാരികള്‍ കാര്യമായി പണംചെലവഴിക്കാത്തതിനാല്‍ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും കച്ചവടം വര്‍ധിച്ചിട്ടില്ല. വനിതാ യാത്രസംഘങ്ങള്‍ പലപ്പോഴും വീടുകളില്‍ നിന്ന് തന്നെ ഭക്ഷണവുമായി എത്തുന്നവരാണെന്ന് മൂന്നാറില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.കെ ജിതേഷ് ധനംഓണ്‍ലൈനോട് പറഞ്ഞു.

ഉത്തരേന്ത്യന്‍ സഞ്ചാരികളോ വിദേശികളോ വരുമ്പോഴാണ് കൂടുതല്‍ ചെലവഴിക്കല്‍ നടക്കുന്നത്. തദ്ദേശീയ സഞ്ചാരികള്‍ പണം ചെലവഴിക്കുന്നതില്‍ പിന്നോട്ടാണ്. മണ്‍സൂണ്‍ കാലത്ത് മുമ്പ് സഞ്ചാരികള്‍ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രെന്റ് മാറിയിട്ടുണ്ട്. മഴ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തിനും ഗുണകരമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com