Begin typing your search above and press return to search.
പ്രിയങ്ക വന്നപ്പോള്‍ ആനി രാജ ഇല്ല; എന്താണ് കാരണം?
വയനാട് ലോക്‌സഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലക്ഷണവശാല്‍ അപ്രത്യക്ഷയായി നില്‍ക്കുന്നത് ഇടതു മുന്നണി സ്ഥാനാര്‍ഥിയും സി.പി.ഐ നേതാവുമായ ആനി രാജയാണ്. ആനി രാജ ഇത്തവണ മത്‌സരിക്കാന്‍ സാധ്യത നന്നെ കുറവ്. പ്രിയങ്ക ഗാന്ധിക്കെതിരെ മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോളെ മത്‌സരിപ്പിക്കുന്നതിനെക്കുറിച്ചാണ് പാര്‍ട്ടിയില്‍ പ്രധാന ചര്‍ച്ച. അന്നേരം ഒരു ചോദ്യം ബാക്കി: രാഹുല്‍ ഗാന്ധിക്കെതിരെ മത്‌സരിച്ച ആനി രാജ പ്രിയങ്കക്കെതിരെ മത്‌സരിക്കാതിരിക്കാന്‍ കാരണം? വയനാട്ടില്‍ പ്രിയങ്കക്കെതിരെ മത്‌സരിക്കേണ്ട എന്ന് സി.പി.ഐയോ ഇടതുമുന്നണിയോ തീരുമാനിച്ചിട്ടില്ല. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടാനാണ് ആനി രാജ മത്‌സരിക്കാതിരിക്കുന്നതെങ്കില്‍, രാഹുല്‍ ഗാന്ധി മത്‌സരിച്ചപ്പോള്‍ അതായിരുന്നില്ല നിലപാട്. ഇനിയൊരങ്കം വേണ്ട എന്ന് ആനി രാജ സ്വന്തനിലക്ക് തീരുമാനിച്ചതായി അറിവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതിയനുസരിച്ച് വ്യക്തികള്‍ക്ക് അത്തരത്തില്‍ തീരുമാനമെടുക്കാനുമാവില്ല. പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം. സംസ്ഥാനതല നേതാക്കള്‍ മത്‌സരിച്ചാല്‍ മതിയെന്നൊരു തീരുമാനം പാര്‍ട്ടിയിലും മുന്നണിയിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, രാഹുലിനെതിരെ സംസ്ഥാന നേതാവ് മത്‌സരിച്ചാല്‍ മതിയെന്നൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഫലത്തില്‍ വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കും മുന്നണിക്കും ആശയപരമായി ഒരു വശപ്പിശകുണ്ട്. പ്രത്യയശാസ്ത്രം, പ്രതിപക്ഷ ഐക്യം, പാര്‍ട്ടി നിലപാട്, മുന്നണി തീരുമാനം തുടങ്ങി എന്തുമാകട്ടെ, വിശദീകരിക്കാന്‍ ലേശം പ്രയാസം വരും.
വയനാട്ടില്‍ മാത്രമല്ല, 2026ലും പ്രിയങ്ക താരം
ഇനിയുള്ള പാര്‍ലമെന്റ് ജീവിതം റായ്ബറേലിയില്‍ നിന്നാകാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ ചില കാര്യങ്ങള്‍ സംഭവിച്ചു. പ്രിയങ്ക ഗാന്ധിക്ക് സംവരണം ചെയ്ത മണ്ഡലമായി വയനാട് മാറി. ടി. സിദ്ദീഖ് മുതല്‍ കേരളത്തില്‍ നിന്നൊരു നേതാവും അടുത്ത കാലത്തെങ്ങും വയനാട് സ്ഥാനാര്‍ഥിത്വം സ്വപ്‌നം കാണേണ്ട. കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള മലയാളി സംവരണ മണ്ഡലം ഇനി 19 മാത്രം. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തിന് ഒരു ഉലച്ചിലും തട്ടാതെ പ്രിയങ്കയെ ജയിപ്പിച്ചു വിടേണ്ട ഉത്തരവാദിത്തം സകലമാന കോണ്‍ഗ്രസുകാര്‍ക്കു മാത്രമല്ല ഉള്ളത്. പ്രധാന ഘടകകക്ഷിയായ മുസ്‌ലിംലീഗിന് വിശേഷിച്ചുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസുകാരേക്കാള്‍, ഗാന്ധികുടുംബവുമായുള്ള പിടിപാടില്‍ ലീഗ് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. പ്രിയങ്ക ഗാന്ധി കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ ഇടതു മുന്നണിക്ക് പേടിക്കാനുമുണ്ട്. പാര്‍ലമെന്റില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും പ്രിയങ്ക മുമ്പെന്നത്തേക്കാള്‍ സജീവമാകാന്‍ പോകുന്നു. 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാറിനെ പ്രതിപക്ഷം നേരിടുമ്പോള്‍, മുന്നില്‍ത്തന്നെ പ്രിയങ്ക ഉണ്ടാവും. കോണ്‍ഗ്രസിനുള്ളിലെ കലഹപ്രിയര്‍ ജാഗ്രത പാലിക്കേണ്ടിയും വരും. കാരണം, രാഹുലിനെപ്പോലെ 'സ' മട്ടല്ല വെട്ടൊന്ന്, മുറി രണ്ട് സ്‌റ്റൈലാണ് പ്രിയങ്കക്ക്. നോക്കിയും കണ്ടും നിന്നാല്‍ രാഷ്ട്രീയ ഭാവി ശോഭനമാകും.
മൂന്ന് ഗാന്ധിമാരും പാര്‍ലമെന്റില്‍
പ്രിയങ്കയെ തോല്‍പിക്കാന്‍ ശോഭാ സുരേന്ദ്രനും ആനി രാജയല്ലാത്ത ഒരു സ്ഥാനാര്‍ഥിയേയും മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ എതിരാളികള്‍ കളത്തില്‍ ഇറങ്ങുമെങ്കിലും വയനാട്ടിലെ തെരഞ്ഞെടുപ്പു ഫലം പ്രവചനാതീതമാകാന്‍ ഇടയില്ല. കന്നിമത്‌സരത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്കയെ ലോക്‌സഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസുകാര്‍ അരയും തലയും മുറുക്കുന്നത്. സഹോദരന്‍ രാജി വെച്ച സീറ്റില്‍ നിന്ന് സഹോദരി കൂടി എത്തുന്നതോടെ പാര്‍ലമെന്റില്‍ എത്താന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് അവസരം ലഭിക്കാതെ നില്‍ക്കുന്ന, പ്രായപൂര്‍ത്തി വോട്ടവകാശം സിദ്ധിച്ച ഒരേയൊരാള്‍ റോബര്‍ട്ട് വാദ്ര മാത്രമായിരിക്കും. അത് ആഗ്രഹമില്ലാത്തതു കൊണ്ടല്ല, ആര്‍ക്കും താല്‍പര്യമില്ലാത്തതു കൊണ്ടാണെന്നാണ് ദോഷൈക ദൃക്കുകള്‍ പറയുക. അതേതായാലും, രാജ്യസഭയില്‍ സോണിയ ഗാന്ധിയും ലോക്‌സഭയില്‍ രാഹുല്‍-പ്രിയങ്കമാരും എത്തുന്ന, ഗാന്ധികുടുംബത്തില്‍ നിന്ന് മൂന്ന് എം.പിമാരുള്ള ഒരു പാര്‍ലമെന്റാണ് വരാന്‍ പോകുന്നത്. കുടുംബാധിപത്യത്തിന് ഉദാഹരണമായി ബി.ജെ.പിയും മറ്റും അത് പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്നുള്ള വിശദീകരണങ്ങളോടെ കോണ്‍ഗ്രസ് നേരിടുന്നതും കാണാം.
പതിവു തെറ്റിച്ച് കോണ്‍ഗ്രസ്, ആരെടുക്കും?
നവംബര്‍ 13ന് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ പതിവുകളെല്ലാം തെറ്റിച്ച് മൂന്നു സീറ്റിലേക്കും മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് ശ്രദ്ധേയം. വയനാട്ടില്‍ മാത്രമല്ല, പാലക്കാട്ടും സ്ഥാനാര്‍ഥി പുതുമുഖമാണ് -രാഹുല്‍ മാങ്കൂട്ടത്തില്‍. തോറ്റ സ്ഥാനാര്‍ഥിയെ വയനാട്ടില്‍ ഇടതു മുന്നണി രംഗത്തിറക്കുന്നില്ലെങ്കില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ് തന്നെ വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇടതു മുന്നണി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വൈകിയെങ്കിലും, ഓട്ടത്തില്‍ മുന്നിലാവുമോ? തൃശൂര്‍ അങ്ങെടുത്തതു പോലെ എന്തെങ്കിലും തന്ത്രങ്ങള്‍ മൂന്നില്‍ എവിടെയെങ്കിലും ബി.ജെ.പിക്കുണ്ടോ? കാത്തിരുന്നു കാണുക തന്നെ.
Next Story
Videos