ഒരു വെടിക്ക് പല പക്ഷികള്‍: പ്രിയങ്കയുടെ വരവില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് വിജയവും

പ്രിയങ്ക ഗാന്ധിയുടെ വയനാട് അരങ്ങേറ്റത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് എന്താണ്? ഒരു വെടിക്ക് ഉന്നം പല പക്ഷികളാണ്. വടക്കേന്ത്യയില്‍, പ്രത്യേകിച്ച് യു.പിയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം വിട്ട് ഹിന്ദി ഹൃദയ ഭൂമിയിലെ റായ്ബറേലിയില്‍ കാല്‍ ഉറപ്പിക്കുന്നത്. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുമ്പോള്‍, ഗാന്ധി കുടുംബം വയനാടിനെ കൈവിട്ടില്ലെന്ന പ്രതീതി. കോണ്‍ഗ്രസിന് അനുകൂലമായ തെക്കേന്ത്യന്‍ മണ്ണില്‍ സ്വാധീനം ഒന്നുകൂടി വര്‍ധിപ്പിക്കുവാനും പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നു. മറ്റൊന്നു കൂടിയുണ്ട്: രണ്ടു വര്‍ഷത്തിനകം കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍, ശക്തമായ തിരിച്ചു വരവു നടത്താനുള്ള കരുനീക്കം കൂടിയാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ആദ്യ വരവില്‍ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ ഭൂരിപക്ഷം വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനം ഇടിഞ്ഞത്, കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷി ഭരണം വന്നത്, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തി തെരഞ്ഞെടുപ്പിലൂടെ വര്‍ധിച്ചത് തുടങ്ങിയവയെല്ലാം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ വോട്ടു കൂട്ടുമെന്നാണ് വിലയിരുത്തല്‍. അതിലുപരിയാണ് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍.
തെക്കേയിന്ത്യ പിടിക്കാന്‍ പ്രിയങ്ക
വയനാട്ടിലെ അരങ്ങേറ്റത്തിലൂടെ കേരള രാഷ്ട്രീയത്തിലും നേതൃപരമായ പങ്ക് ഏറ്റെടുക്കുകയാണ് പ്രിയങ്ക. വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയെന്ന നിലയില്‍ മാത്രമല്ല, ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രിയങ്കയുടെ വാക്കും നിലപാടും മാര്‍ഗരേഖയാകും. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടുന്ന ഭരണവിരുദ്ധ വികാരം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിച്ചുവെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ സാഹചര്യം പ്രയോജനപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്താന്‍ പ്രിയങ്കയെ നേതൃത്വം കളത്തിലിറക്കുമെന്നാണ് സൂചന. രാഹുലിനു മേല്‍ അന്തര്‍മുഖത്വം ആരോപിക്കപ്പെട്ടുവെങ്കില്‍ പ്രിയങ്ക അത്തരം ആരോപണങ്ങള്‍ നേരിടുന്നുമില്ല.
കേരളത്തിനു പുറമെ അയല്‍ സംസ്ഥാനമായ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലും കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധി നേതൃപരമായ പങ്ക് വഹിച്ചേക്കും. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പ്രതാപകാല തട്ടകമായ യു.പിയിലും മറ്റ് ഹിന്ദി സ്വാധീന സംസ്ഥാനങ്ങളിലും കേന്ദ്രീകരിക്കാം. ഇത്തരമൊരു 'ജോലി വിഭജന'ത്തിലൂടെ ഗാന്ധി കുടുംബത്തിന്റെ സ്വാധീനവും നേതൃപരമായ പങ്കും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
രാഹുലും പ്രിയങ്കയും ലോക്‌സഭയില്‍ എത്തുന്ന സാഹചര്യം കേരളത്തിന് കൂടുതല്‍ അനുകൂലമാവുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. സംസ്ഥാനത്തെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്താന്‍ സാധിക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ മൂന്നു ഗാന്ധി കുടുംബാംഗങ്ങളും പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യം കോണ്‍ഗ്രസിന്റെ കരുത്ത് ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നും വിലയിരുത്തുന്നു. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന വാദമുയര്‍ത്താന്‍ ബി.ജെ.പിക്ക് ശക്തി പകരുന്നതാണ് മൂവരുടെയും പാര്‍ലമെന്റ് പ്രവേശമെന്നത് മറുപുറം. എന്നാല്‍ കോണ്‍ഗ്രസില്‍ അത്തരമൊരു ചിന്താഗതി തന്നെയില്ല. മൂവരും പാര്‍ട്ടി ശക്തിപ്പെടുത്താന്‍ നിര്‍ണായക പങ്ക് ഇപ്പോള്‍ വഹിക്കുന്നുവെന്നാണ് കോണ്‍ഗ്രസിലെ വര്‍ത്തമാനം.
Related Articles
Next Story
Videos
Share it