ചെറുകിട സംരംഭകര്‍ക്കും ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്താം; യോഗ്യതകളും നടപടിക്രമങ്ങളും അറിയൂ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇകള്‍) രാജ്യത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ഇന്നൊവേഷന്‍ അവതരിപ്പിക്കുന്നതിലും തൊഴില്‍ സൃഷ്ടിക്കുന്നതിലുമൊക്കെ മുന്നില്‍ നില്‍ക്കുന്നു. ഈ മേഖല വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് ഇന്ത്യന്‍ മൂലധന വിപണിയും എസ്എംഇകള്‍ക്ക് വളരുന്നതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്. എസ്എംഇ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) ആണ് അതിലൊന്ന്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തുകൊണ്ട് എസ്എംഇകള്‍ക്ക് മൂലധനം സ്വരൂപിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുക.
എസ്എംഇ ഐപിഒ ചെയ്യുന്നതിന് ആവശ്യമായ യോഗ്യതകളും നടപടിക്രമങ്ങളും എന്തൊക്കെയെന്ന് നോക്കാം.
യോഗ്യതാ മാനദണ്ഡങ്ങള്‍
ബിഎസ്ഇ എസ്എംഇ, എന്‍എസ്ഇ എമര്‍ജ് എന്നീ രണ്ട് ഐപിഒ പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യയിലുള്ളത്.
എസ്എംഇകള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും സെബിയും നിശ്ചയിച്ച ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതാണ് ഇതിനായി ആദ്യം വേണ്ടത്.
ഇക്കാര്യത്തില്‍ ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ ഏറെക്കുറെ ഒരേ മാനദണ്ഡങ്ങളാണ് ഉള്ളത്.
ഐപിഒയ്ക്ക് യോഗ്യത നേടാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഇന്‍കോര്‍പറേഷന്‍: നിര്‍ദിഷ്ട കമ്പനി കമ്പനീസ് ആക്ട് 1956/2013 പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
2. പെയ്ഡ് അപ്പ് ക്യാപിറ്റല്‍: കമ്പനിയുടെ പെയ്ഡ് അപ്പ് ക്യാപിറ്റല്‍ 25 കോടി രൂപയില്‍ കൂടാന്‍ പാടില്ല.
3. അറ്റ മൂല്യം: കമ്പനിയുടെ അറ്റമൂല്യം (Net Worth) പോസിറ്റീവ് ആയിരിക്കണം.
4. ട്രാക്ക് റെക്കോഡ്: മൂന്ന് സാമ്പത്തിക വര്‍ഷത്തെ ട്രാക്ക് റെക്കോഡ് കമ്പനിക്കുണ്ടായിരിക്കണം. പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ഷിപ്പ്, എല്‍എല്‍പി കമ്പനികളെ ഏറ്റെടുക്കലിന് വിധേയമായിട്ടുണ്ടെങ്കില്‍ ഇരു കമ്പനികളുടെയും മൂന്നു സാമ്പത്തിക വര്‍ഷത്തെ ട്രാക്ക് റെക്കോഡ് നല്‍കണം.
5. പ്രവര്‍ത്തന ലാഭം: തൊട്ടു മുമ്പുള്ള മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടിലെങ്കിലും പ്രവര്‍ത്തന ലാഭം (EBITDA) നേടിയിരിക്കുകയും അതില്‍ തന്നെ അപേക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം ലാഭം നേടിയിരിക്കുകയും വേണം. എന്നാല്‍ നബാര്‍ഡ്, സിഡ്ബി, സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിരിക്കുന്ന കമ്പനികള്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന ലാഭം സംബന്ധിച്ച റിപ്പോര്‍ട്ട് മതിയാകും.
6. മാനേജ്‌മെന്റ് മാറരുത്: അവസാനത്തെ ഒരു വര്‍ഷത്തിനിടയില്‍ കമ്പനിയുടെ മാനേജ്‌മെന്റില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരിക്കരുത്.
7. ബിഎസ്ഇ പ്ലാറ്റ്‌ഫോം: ബിഎസ്ഇ പ്ലാറ്റ്‌ഫോമിലാണ് ഐപിഒ നടത്തുന്നതെങ്കില്‍ ഇതിനു പുറമെ മറ്റു ചില നിബന്ധനകളുമുണ്ട്. തൊട്ടു മുമ്പുള്ള രണ്ട് പൂര്‍ണ സാമ്പത്തിക വര്‍ഷങ്ങളില്‍ ചുരുങ്ങിയത് ഒരു കോടിരൂപയുടെ അറ്റമൂല്യം നേടിയിരിക്കണം എന്നതാണ് ഒന്നാമത്തേത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് മൂന്ന് കോടി രൂപയുടെ ടാന്‍ജിബ്ള്‍ അസറ്റ് (കെട്ടിടം, മെഷിനറി തുടങ്ങിയവ) ഉണ്ടായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന. മുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പൂര്‍ണമല്ല. പോസ്റ്റ് ലിസ്റ്റിംഗ്, വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ തുടങ്ങിയ മറ്റു വ്യവസ്ഥകളും എന്‍എസ്ഇ, ബിഎസ്ഇ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
ഐപിഒ നടപടിക്രമങ്ങള്‍
എസ്എംഇ ഐപിഒ ചെയ്യുന്നതിനുള്ള പ്രധാന നടപടിക്രമങ്ങള്‍ ഇവയാണ്;
1. മര്‍ച്ചന്റ് ബാങ്കറെ നിയമിക്കുക: ഐപിഒ നടപടികള്‍ക്കായുള്ള പ്രധാന വ്യക്തിയായി കമ്പനി ഒരു മെര്‍ച്ചന്റ് ബാങ്കറെ നിയമിക്കണം. തുടക്കം മുതല്‍ വിപണി സൃഷ്ടിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് റോളുണ്ടായിരിക്കും. ഐപിഒ നടപടികള്‍ക്കുള്ള നിയമ ഉപദേശകനെയും മറ്റു മധ്യവര്‍ത്തികളെയും നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിന് തന്നെയായിരിക്കും.
2. അപേക്ഷയും അനുമതിയും: മര്‍ച്ചന്റ് ബാങ്കര്‍ ഐപിഒ അപേക്ഷ ഫോം പൂരിപ്പിക്കുകയും സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. റെക്കോഡുകള്‍ പരിശോധിച്ചതിനും കമ്പനി സന്ദര്‍ശനത്തിനും മറ്റു അന്വേഷണങ്ങള്‍ക്കും ശേഷം എക്‌സ്‌ചേഞ്ച് അധികൃതര്‍ അനുമതി നല്‍കുന്നു.
3. ഓഫര്‍ ഡോക്യുമെന്റ് തയാറാക്കുന്നു: ഇടനിലക്കാരുമായി ചേര്‍ന്ന് കമ്പനി ഓഫര്‍ ഡോക്യുമെന്റിന്റെ കരട് രൂപം തയാറാക്കുന്നു.ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പക്ടസ് (DRHP) എന്നാണ് ഇതിന് പറയുക. കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍, ഐപിഒ, നഷ്ടസാധ്യതകള്‍ തുടങ്ങിയവയൊക്കെ അതില്‍ വിശദമാക്കും.
4. റഗുലേറ്ററി അനുമതി: അതിനു ശേഷം ഡിആര്‍എച്ച്പി സ്റ്റോക് എക്‌സ്‌ചേഞ്ചിലും സെബിയിലും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്നു.
5. ബുക്ക് ബില്‍ഡിംഗും വിലനിര്‍ണയവും: കമ്പനിയും മര്‍ച്ചന്റ് ബാങ്കറും ചേര്‍ന്ന് കമ്പനിയുടെ ഓഹരി വില നിര്‍ണയിക്കുകയും ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെ നിക്ഷേപകര്‍ക്കുള്ള ഓഹരികളെ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു.
6. അലോട്ട്‌മെന്റും ലിസ്റ്റിംഗും: ഐപിഒ വിജയിക്കുന്ന മുറയ്ക്ക് നിക്ഷേപകര്‍ക്ക് ഓഹരികള്‍ വീതിച്ചുനല്‍കുന്നു. അതോടൊപ്പം കമ്പനിയുടെഓഹരികള്‍ നിര്‍ദിഷ്ട സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നു. ലിസ്റ്റിംഗിനു ശേഷം പോസ്റ്റ് ലിസ്റ്റിംഗ് റിക്വയര്‍മെന്റ്‌സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു.
എസ്എംഇ ഐപിഒ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വളര്‍ച്ചയുടെ പുതിയ മേഖലകള്‍ കണ്ടെത്താനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും രാജ്യത്തിന്റെ മൊത്തത്തിലുള്ള സംരംഭക വികസനത്തില്‍ പങ്കാളിയാകാനും സാധിക്കും. ഐപിഒക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും ബുദ്ധിമുട്ടേറിയതാണെന്ന് തോന്നുമെങ്കിലും ഈ രംഗത്തെ വിദഗ്ധരായ മധ്യവര്‍ത്തികളുടെയും പ്രൊഫഷണലുകളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും.

(തരുണ്‍ ജഗദിഷ്: ചാര്‍ട്ടേഡ് എക്കൗണ്ടന്റും കോര്‍പ്പറേറ്റ് പരിശീലകനുമായ ലേഖകന്‍, സെബി അംഗീകാരമുള്ള സ്റ്റാര്‍ട്ടപ്പ് മൂല്യ നിര്‍ണയ വിദഗ്ധനാണ്. Email: mail@tarunjagadish.com)

Related Articles
Next Story
Videos
Share it