

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. വിമാനത്താവളത്തെ അടിമുടി മാറ്റുന്ന പ്രോജക്ട് അനന്തയുടെ ആദ്യ ഘട്ടമായ 600 കോടി രൂപയുടെ പദ്ധതിക്ക് കരാറായി. നടത്തിപ്പുകാരായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ് (എ.എ.എച്ച്.എല്‍) കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐ.ടി.ഡിക്കാണ് കരാര്‍ നല്‍കിയത്. നിര്‍മാണത്തിന്റെ ഉപകരാര്‍ ലഭിച്ചത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റിക്കും.
വിമാനത്താവളത്തിലെ റണ്‍വേ, ടാക്‌സിവേ, ഏപ്രണ്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബില്‍ഡിംഗ്, ഹാംഗറുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നത്. ടെര്‍മിനല്‍ രണ്ടിലെ ഏപ്രണ്‍ പുനര്‍നിര്‍മിക്കും. മഴക്കാലത്തെ നേരിടുന്നതിനായി ഡ്രെയിനേജ് സംവിധാനവും നവീകരിക്കും.ടെര്‍മിനല്‍ ഒന്നിലെ ചെക്ക് ഇന്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും നോളജ് സെന്റര്‍ സ്ഥാപിക്കുന്നതും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് 1,300 കോടി രൂപയുടെ പ്രോജക്ട് അനന്ത നടപ്പിലാക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 12 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. ഇത് 32 ലക്ഷമാക്കി വര്‍ധിപ്പിക്കാനാണ് നീക്കം. തിരുവനന്തപുരത്തേത് ഉള്‍പ്പെടെ രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ നവീകരിക്കുന്നതിനായി അടുത്തിടെ അദാനി ഗ്രൂപ്പ് 20,000 കോടി രൂപ സമാഹരിച്ചിരുന്നു.
2070വരെയുള്ള യാത്രാ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് വിമാനത്താവളത്തിന്റെ നവീകരണമെന്ന് അദാനി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ വിശദീകരിച്ചു. നിലവില്‍ അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ടെര്‍മിനല്‍ രണ്ട്, അഞ്ച് ലക്ഷം ചതുരശ്ര അടിയില്‍ നിന്ന്, 18 ലക്ഷം ചതുരശ്ര അടിയായി വര്‍ധിപ്പിക്കും. കൂടുതല്‍ ചെക്ക്-ഇന്‍ കൗണ്ടറുകളും എമിഗ്രേഷന്‍ ക്ലിയറിംഗ് സംവിധാനവും സ്ഥാപിക്കും. കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായുള്ള കാത്തിരിപ്പ് സമയം ഇതിലൂടെ കുറക്കാനാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട് പ്ലാസ, ഭൂഗര്‍ഭ പാര്‍ക്കിംഗ്, പഞ്ചനക്ഷത്ര ഹോട്ടല്‍, ഫുഡ്‌കോര്‍ട്ട്, കൂടുതല്‍ മെച്ചപ്പെട്ട റോഡ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. അടുത്ത ഘട്ട നിര്‍മാണത്തിനുള്ള പാരിസ്ഥിതിക അനുമതിക്കുള്ള പബ്ലിക്ക് ഹിയറിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു.
The first phase of Project Anantha, a major infrastructure upgrade at Thiruvananthapuram International Airport, will begin soon. The project aims to boost Kerala’s aviation and passenger capacity.
Read DhanamOnline in English
Subscribe to Dhanam Magazine