180 ദിവസത്തിനിടെ എസ്.ബി.ഐ എഴുതിതള്ളിയത് 8,312 കോടിയുടെ കിട്ടാക്കടം; പൊതുമേഖല ബാങ്കുകള്‍ എഴുതിതള്ളിയ കണക്കിങ്ങനെ

പൊതുമേഖല ബാങ്കുകളെ സംബന്ധിച്ച് വലിയ തലവേദനയാണ് കിട്ടാക്കടം. വായ്പയായും മറ്റും എടുത്ത തുക തിരിച്ചടയ്ക്കാതെ വരുന്നതോടെ എഴുതിതള്ളുകയാണ് പതിവ്. മുന്‍ വര്‍ഷങ്ങളിലും ബാങ്കുകള്‍ ഇത്തരത്തില്‍ വലിയ തുക എഴുതി തള്ളിയിട്ടുണ്ട്. ഈ വര്‍ഷത്തെ കണക്ക് പുറത്തു വന്നപ്പോള്‍ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) തന്നെയാണ് മുന്നില്‍.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ പൊതുമേഖല ബാങ്കുകളെല്ലാം ചേര്‍ന്ന് 42,035 കോടി രൂപയാണ് എഴുതി തള്ളിയത്. എസ്.ബി.ഐ ഇത്തരത്തില്‍ എഴുതിതള്ളിയത് 8.312 കോടി രൂപയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് തൊട്ടുപിന്നില്‍, 8,061 കോടി രൂപ. യൂണിയന്‍ ബാങ്ക് (6,344), ബാങ്ക് ഓഫ് ബറോഡ (5,925) എന്നിവരും ലിസ്റ്റിലുണ്ട്.

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ വര്‍ധന

അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ കിട്ടാക്കടം തിരിച്ചുപിടിച്ചതിലും ബാങ്കുകള്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 37,253 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ തിരിച്ചുപിടിച്ചത്. എഴുതി തള്ളുന്ന തുകയുടെ അളവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറയ്ക്കാനായത് ബാങ്കുകളെ സംബന്ധിച്ച് നേട്ടമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.14 ലക്ഷം കോടി രൂപയായിരുന്നു എഴുതിതള്ളിയത്.

അതിനു തൊട്ടുമുമ്പേയുള്ള വര്‍ഷം 1.18 ലക്ഷം കോടി രൂപയും. കിട്ടാക്കടം തിരിച്ചു പിടിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റിനെ അറിയിച്ചു.

വായ്പ എഴുതിത്തള്ളല്‍


മൂന്നുമാസത്തിലധികം (90 ദിവസം) തിരിച്ചടയ്ക്കാതെ കുടിശികയാകുന്ന വായ്പകളാണ് ബാങ്കുകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത്. സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ ഇതിനു തുല്യമായ തുക ബാങ്കുകള്‍ നീക്കിവെക്കേണ്ടതുണ്ട്. പ്രൊവിഷനിങ് എന്നാണ് ഇതറിയപ്പെടുന്നത്. ഇങ്ങനെ നീക്കിവെച്ച് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വായ്പകള്‍ എഴുതിത്തള്ളുന്നത്.
Related Articles
Next Story
Videos
Share it