ജലസംരക്ഷണത്തില്‍ മാതൃക; ഇന്ത്യയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി പുല്ലമ്പാറ
ജലസ്രോതസുകളെ പുനരുജ്ജീവിപ്പിച്ച് ജലസംരക്ഷണത്തില്‍ മാതൃക കാട്ടിയ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിന് ദേശീയ ജല അവാര്‍ഡ് രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു. ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി പി.സുനില്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ വിവിധ ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിച്ചതാണ് പുല്ലമ്പാറയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ദേശീയ ജല അവാര്‍ഡില്‍ മികച്ച ജില്ലക്കുള്ള പുരസ്‌കാരവും തിരുവനന്തപുരത്തിനായിരുന്നു.
ജനകീയ കൂട്ടായ്മയുടെ വിജയം
'പരിസ്ഥിതി പുനഃസ്ഥാപനത്തിനായുള്ള ജനകീയ കൂട്ടായ്മ'എന്നതായിരുന്നു പ്രകൃതി സംരക്ഷണത്തിന് പഞ്ചായത്ത് നല്‍കിയ ആപ്തവാക്യം. നവകേരളം കര്‍മ്മ പദ്ധതിയുടെ കീഴില്‍, ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീര്‍ത്തട വികസന പദ്ധതി ഒരുക്കിയത്. ജില്ലാ എഞ്ചിനീയര്‍ ദിനേശ് പപ്പന്‍,കാര്‍ഷിക വിദഗ്ധനായ പ്രശാന്ത്, ജി.ഐ.എസ് വിദഗ്ധനായ ഡോ.ഷൈജു കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാരാണ് നീരുറവ് എന്ന നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. 2021 ഓഗസ്റ്റില്‍ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് 2023 മാര്‍ച്ചില്‍ കേരളത്തിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി, വാര്‍ഡ് മെമ്പര്‍ പുല്ലമ്പാറ ദിലീപ്, കോ ഓര്‍ഡിനേറ്റര്‍ എന്‍ജിനിയര്‍ ദിനേശ് പപ്പന്‍, പഞ്ചായത്ത് സാങ്കേതിക ഉദ്യോഗസ്ഥരായ കിരണ്‍, അന്‍ഷാദ്, ജിത്തു, മഹേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് അവാര്‍ഡ് സ്വീകരണത്തിനായ് ഡല്‍ഹിയില്‍ എത്തിയത്.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്ത്
വാമനപുരം ബ്ലോക്കില്‍പ്പെട്ട പുല്ലന്‍പാറ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്താണ്. 2022 ലാണ് ഈ പുരസ്‌കാരം പഞ്ചായത്തിനെ തേടിയെത്തിയത്. 3,174 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തരാക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗം, ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലാണ് ജനങ്ങള്‍ക്ക് പരിശീലനം നല്‍കിയത്.