മോദി ചൈനയിലേക്ക്, പുടിന്‍ ഇന്ത്യയിലേക്ക്; ട്രംപിന്റെ ഇരട്ട തീരുവയ്ക്ക് പിന്നാലെ നിര്‍ണായക നീക്കങ്ങള്‍

ഇന്ത്യ-റഷ്യ വ്യാപാര ഉച്ചകോടിയുടെ ഭാഗമായി പുടിന്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. 2021 ഡിസംബറിലാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്
modi and putin
Published on

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും. റഷ്യയുടെ ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ പിഴച്ചുങ്കം അടക്കം 50 ശതമാനം താരിഫ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്ത പുറത്തു വരുന്നത്.

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് പുടിനും ഈ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. ചൈനയില്‍ വച്ച് മോദി-പുടിന്‍ കൂടിക്കാഴ്ച്ച നടക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യ-റഷ്യ വ്യാപാര ഉച്ചകോടിയുടെ ഭാഗമായി പുടിന്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. 2021 ഡിസംബറിലാണ് പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയിലേക്കുള്ള വളം, കീടനാശിനി കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പുടിന്‍ വ്യക്തമാക്കിയിരുന്നു.

പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ച ഉടന്‍

പുടിനും ട്രംപും അധികം വൈകാതെ ഒന്നിച്ചിരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ ഉപദേഷ്ടവ് യുരി ഉഷാകോവ് അറിയിച്ചു. കൂടിക്കാഴ്ച്ചയുടെ വേദി നിശ്ചയിച്ചുവെന്നും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി തങ്ങള്‍ ഒന്നിച്ചിരിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.

താന്‍ അധികാരത്തിലേറിയാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും യുദ്ധം കൂടുതല്‍ ശക്തമാക്കുന്നതാണ് പിന്നീട് കണ്ടത്. റഷ്യയും യുക്രൈയ്‌നും തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ യുദ്ധം തീരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com