പതിവുകള്‍ തെറ്റിച്ച് നവംബറിലും വില്പന പൊടിപൊടിച്ചു; ഫെസ്റ്റിവല്‍ മൂഡില്‍ വാഹന വിപണി

ഇരുചക്ര വാഹന വിപണിയില്‍ പക്ഷേ നേട്ടം ആവര്‍ത്തിക്കാനായില്ല. നവംബറില്‍ വില്പന മൂന്ന് ശതമാനം ഇടിഞ്ഞു
vehicle insurance
vehicle insuranceimage credit : Canva
Published on

പാസഞ്ചര്‍ വാഹന വിപണിയില്‍ ജിഎസ്ടി പരിഷ്‌കരണത്തിന്റെ അലയൊലികള്‍ തുടരുന്നു. നവംബറില്‍ വില്പനയിലുണ്ടായ വര്‍ധന 20 ശതമാനമാണ്. മുന്‍ വര്‍ഷം സമാന മാസവുമായി തട്ടിച്ചു നോക്കുമ്പോഴുള്ള കണക്കാണിത്. ഫെസ്റ്റിവല്‍ സീസണിനുശേഷം നിലനില്‍ക്കുന്ന ശക്തമായ ഉപയോക്തൃ താല്പര്യത്തെയാണ് ഇത് കാണിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കി.

നവംബറില്‍ ആകെ വിറ്റത് 3,94,152 വാഹനങ്ങളാണ്. മുന്‍ വര്‍ഷം സമാനമാസത്തെ വില്പന 3,29,253 ആയിരുന്നു. ജിഎസ്ടി പരിഷ്‌കരണം വഴി ലഭിച്ച വിലക്കിഴിവും ഗ്രാമീണ, നഗര മേഖലകളിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതും വില്പനയെ മുന്നോട്ടു നയിച്ചതായി ഫാഡ പ്രസിഡന്റ് സി.എസ് വിഘ്‌നേശ്വര്‍ ചൂണ്ടിക്കാട്ടി.

ഇരുചക്ര വാഹന വിപണിയില്‍ പക്ഷേ നേട്ടം ആവര്‍ത്തിക്കാനായില്ല. നവംബറില്‍ വില്പന മൂന്ന് ശതമാനം ഇടിഞ്ഞു. ഇരുചക്ര വാഹനങ്ങളെടുക്കാന്‍ കാത്തിരുന്നവര്‍ ചെറുകാറുകളിലേക്ക് തിരിഞ്ഞതാവാം ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

വില്പനയില്‍ ആവേശം

കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്പനയിലും മുന്നേറ്റം ദൃശ്യമാണ്. 20 ശതമാനം വര്‍ധനയാണ് ഇൗ സമയത്ത് ഉണ്ടായത്. മുചക്ര വാഹനവില്പന 24 ശതമാനം വര്‍ധിച്ചു. കാര്‍ഷികരംഗത്ത് ഉപയോഗിക്കുന്ന ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില്പനയില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. കാര്‍ഷിക മേഖലയില്‍ മികച്ച മണ്‍സൂണ്‍ ലഭിച്ചതിന്റെ പ്രതിഫലനമാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉത്സവകാലത്തിന്റെ അവസാനമായതിനാല്‍ പലപ്പോഴും നവംബറില്‍ വില്പന തണുക്കുന്ന സമയമാണ്. എന്നാല്‍ ഒക്ടോബര്‍ മാസത്തിലെ അതേ ആവേശം നവംബറിലും ദൃശ്യമായി. വില്പന ക്രമാനുഗതമായി ഉയരാനുള്ള കാരണങ്ങളില്‍ ജിഎസ്ടി പരിഷ്‌കരണത്തിന് വലിയ പങ്കുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

അടുത്ത 2-3 മാസത്തേക്ക് വിപണിയിലെ ഉണര്‍വ് തുടരുമെന്നാണ് വിലയിരുത്തല്‍. 2026 തുടക്കത്തില്‍ പുതിയ മോഡലുകള്‍ പുറത്തിറങ്ങാനുണ്ട്. ഇത് ഉപയോക്താക്കളുടെ താല്പര്യത്തെ വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Vehicle sales in India surged 20% in November 2025, driven by GST reforms and strong festive demand

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com