കല്യാൺ ജൂവലേഴ്സിന് വൻവളർച്ചയുടെ തലപ്പൊക്കം; വരുമാന വളർച്ച 27 ശതമാനത്തിൽ

ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ വിപണികളിലെ മികച്ച പ്രകടനമാണ് കമ്പനിയെ ഒന്നാം പാദത്തിൽ വരുമാന വർധനവിന് സഹായിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) സ്റ്റോക്ക് എക്സ്ചേഞ്ചിലെ ത്രൈമാസ ബിസിനസ് അപ്ഡേറ്റ് അനുസരിച്ച് 27 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം (Consolidated Revenue) 4,376 കോടി രൂപ ആയിരുന്നു. 27 ശതമാനം വളര്‍ച്ച അനുസരിച്ച് കല്യാൺ ജ്വല്ലേഴ്‌സിന്റെ ഒന്നാം പാദത്തിലെ വരുമാനം ഏകദേശം 5,558 കോടി രൂപയാണെന്ന് കണക്കാക്കുന്നു.

കാന്‍ഡിയറിന് 13 ശതമാനം വരുമാന വളർച്ച

മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തില്‍ 16 ശതമാനത്തിന്റെ വർദ്ധനവാണ് ഉളളത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ 13 പുതിയ ഫ്രാഞ്ചൈസി (എഫ്.ഒ.സി.ഒ- ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ കമ്പനി പ്രവർത്തിപ്പിക്കുന്ന) ഷോറൂമുകൾ തുറന്നതായി കമ്പനി അറിയിച്ചു. കല്യാൺ ജ്വല്ലേഴ്‌സിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ 13 ശതമാനം വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയിലെ മികച്ച പ്രകടനത്തിന് ശേഷം, തങ്ങളുടെ കാന്‍ഡിയര്‍ ബിസിനസ് പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സ്വർണ്ണ വിലയില്‍ തീവ്രമായ ചാഞ്ചാട്ടം ഉണ്ടായത് ആണ് ഈ പാദത്തില്‍ കമ്പനി നേരിട്ട പ്രധാന വെല്ലുവിളി. എന്നിരുന്നാലും ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും വിപണികളില്‍ മികച്ച പ്രവർത്തനം നടത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായി കമ്പനി വ്യക്തമാക്കി.
130 ഓളം പുതിയ ഷോറൂമുകൾ ആരംഭിക്കുന്നു
ഇന്ത്യയിൽ 40 ഓളം ഷോറൂമുകള്‍, 30 ഓളം കാന്‍ഡിയര്‍ ഷോറൂമുകള്‍, യു.എസില്‍ ദീപാവലിയോടെ ആദ്യത്തെ ഷോറൂം എന്നിങ്ങനെ 130 ലധികം പുതിയ ഷോറൂമുകൾ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനാണ് കല്യാൺ ജൂവലേഴ്‌സ് പദ്ധതിയിടുന്നത്. ഓണാഘോഷങ്ങള്‍ അടക്കം വരാനിരിക്കുന്ന ഉത്സവകാലത്തും വിവാഹ സീസണിലും കല്യാൺ ജ്വല്ലേഴ്‌സ് വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ജൂൺ വരെ 277 ഷോറൂമുകളാണ് കമ്പനി നടത്തിയത്.
75 ലക്ഷം രൂപ പ്രാരംഭ മൂലധനത്തിൽ 1993ൽ കേരളത്തിലെ തൃശൂരിൽ ആദ്യത്തെ ജ്വല്ലറി ഷോറൂം തുറന്ന ടി.എസ് കല്യാണരാമനാണ് കല്യാൺ ജൂവലേഴ്‌സ് സ്ഥാപിച്ചത്. വസ്ത്ര വ്യാപാര രംഗത്തും കമ്പനി ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുടക്കത്തിൽ, കമ്പനിയുടെ സാന്നിധ്യം ദക്ഷിണേന്ത്യയിൽ മാത്രമാണ് ഉണ്ടായിരുന്നത്. 2012 ഓടെ ആണ് കല്യാണ്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സാന്നിധ്യം അറിയിച്ചത്. 2013 ഓടെ കമ്പനി അന്താരാഷ്ട്ര വിപണികളിലേക്കും പ്രവേശിച്ചു.

ഓഹരി വിപണിയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഓഹരി ഒരു ശതമാനം ഉയര്‍ന്ന് 495 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

Next Story

Videos

Share it