ഫ്രണ്ട് റണ്ണിങ്ങിലൂടെ ക്രമക്കേട് നടത്തിയോ? ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് നേരിടുന്ന അന്വേഷണം എന്താണ്?

ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് (Quant Mutual Fund) നടത്തിപ്പ്-നിക്ഷേപ രീതികളെക്കുറിച്ച് ഓഹരി വിപണി നിയന്ത്രകരായ 'സെബി'യുടെ അന്വേഷണം. വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്. നിരവധി പേരെ ചോദ്യം ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപ മാനേജര്‍മാരിലൊന്നാണ് ക്വാണ്ട് മ്യൂച്വല്‍ ഫണ്ട്. ചെറുകിട നിക്ഷേപകരില്‍ നിന്ന് ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കിന്റെ പ്രധാന ഗുണഭോക്താക്കളിലൊന്നു കൂടിയാണ് ക്വാണ്ട്. 2019ല്‍ 100 കോടി രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്തിരുന്ന ക്വാണ്ടിന്റെ നിക്ഷേപ വളര്‍ച്ച ഇന്ന് 93,000 കോടി രൂപയാണ്. എന്താണ് അവര്‍ നേരിടുന്ന പ്രശ്‌നം?

'ഫ്രണ്ട് റണ്ണിങ്' നടത്തുന്നുവെന്നാണ് ക്വാണ്ട് നേരിടുന്ന ആരോപണങ്ങളിലൊന്ന്. എന്താണ് ഫ്രണ്ട് റണ്ണിങ്? പണം തങ്ങളെ ഏല്‍പിച്ച നിക്ഷേപകരുടെ ഓര്‍ഡര്‍ വിപണിയില്‍ എക്‌സിക്യൂട്ട് ചെയ്യുന്നതിനു മുമ്പ് സ്വന്തം അക്കൗണ്ടുമായി ബന്ധപ്പെട്ട ഓര്‍ഡര്‍ ഒരു മ്യൂച്വല്‍ ഫണ്ട് മാനേജരോ ട്രേഡറോ എക്‌സിക്യൂട്ട് ചെയ്യുന്നതിനെയാണ് ഫ്രണ്ട് റണ്ണിങ് എന്നു വിളിക്കുന്നത്. ഇതുവഴി ഫണ്ട് മാനേജര്‍ക്ക്/ട്രേഡര്‍ക്ക് അവിഹിത നേട്ടം കിട്ടുന്നു. വലിയൊരു ഓര്‍ഡര്‍ നല്‍കുന്നതു വഴി വിപണിയില്‍ ഉണ്ടാകുന്ന വിലയിലെ മാറ്റത്തില്‍ നിന്ന് ആദ്യമേ ലാഭമെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.

ഫ്രണ്ട് റണ്ണിങ് അങ്ങേയലറ്റം അധാര്‍മികവും നിയമവിരുദ്ധവുമായാണ് കണക്കാക്കുന്നത്. രഹസ്യ വിവരങ്ങള്‍ ചൂഷണം ചെയ്യുകയും വിപണിയുടെ കെട്ടുറപ്പിനെ കണക്കിലെടുക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. സ്വന്തം നിക്ഷേപകരോട് ഫണ്ട് മാനേജര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ട ആത്മാര്‍ഥതയും വിശ്വസ്തതയുമാണ് ഫ്രണ്ട് റണ്ണിങ്ങിലൂടെ ലംഘിക്കുന്നത്. സ്വതന്ത്രവും സുതാര്യവുമായി വിപണി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ബാധ്യസ്ഥരായ സെബിയും മറ്റ് നിയന്ത്രണ ഏജന്‍സികളും കര്‍ക്കശമായ ചട്ടങ്ങള്‍ ഇത് തടയാന്‍ മുന്നോട്ടു വെക്കുന്നുണ്ട്.

സാധാരണക്കാരായ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?


സാധാരണക്കാരായ നിക്ഷേപകര്‍ക്ക് മുന്നില്‍ ഫ്രണ്ട് റണ്ണിങ് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഫ്രണ്ട് റണ്ണിങ് വഴിയുള്ള അയഥാര്‍ഥമായ വില മാറ്റം വഴി, ഓഹരിക്ക് അധിക വില നിക്ഷേപകര്‍ കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാം. ഫ്രണ്ട് റണ്ണിങ് കമ്പനികള്‍ നേട്ടമെടുക്കുമ്പോള്‍ പതിവു ചില്ലറ നിക്ഷേപകരുടെ ട്രേഡിന് കുറഞ്ഞ വിലയാണ് കിട്ടുകയെന്നു വരാം. ഇത്തരം തെറ്റായ രീതികള്‍ നടക്കുന്നത് ധനകാര്യ വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തെ ദോഷകരമായി ബാധിക്കുന്നു.

ക്വാണ്ടിനു മേല്‍ മാത്രമല്ല സെബിയുടെ നടപടി ഉണ്ടായിട്ടുള്ളത്. 2022ല്‍ ആക്‌സിസ് മ്യൂച്വല്‍ ഫണ്ടും ഫ്രണ്ട് റണ്ണിങ്ങിന് സമാനമായ അന്വേഷണം നേരിട്ടിട്ടുണ്ട്. ഓഹരി വിപണിയില്‍ നിന്ന് 21 സ്ഥാപനങ്ങളെ വിലക്കുന്ന സാഹചര്യമാണ് ഇതേ തുടര്‍ന്ന് ഉണ്ടായത്. ഫണ്ട് മാനേജറുടെ മറ്റ് സ്‌റ്റോക്കുകളുടെ കാര്യവും നിലവിലെ സാഹചര്യത്തില്‍ പരിശോധന വിധേയമായേക്കാം. ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് ഫ്രണ്ട് റണ്ണിങ് കേസില്‍ കുറ്റക്കാരെന്ന് കണ്ടാല്‍ കടുത്ത പിഴ ഒടുക്കേണ്ടി വരും. നിയമനടപടിയൂം ഉണ്ടാവും. അന്വേഷണത്തില്‍ സെബിയുമായി എല്ലാ വിധത്തിലുംസഹകരിക്കുമെന്നും ആവശ്യാനുസൃതം വിവരങ്ങള്‍ ലഭ്യമാക്കുമെന്നും ക്വാണ്ട് വിശദീകരിച്ചിട്ടുണ്ട്.
Related Articles
Next Story
Videos
Share it