സെപ്‌റ്റോ മുതല്‍ ബ്ലിങ്കിറ്റ് വരെ വിപണി പിടിക്കാന്‍ 'സൗജന്യ' മത്സരത്തില്‍; നിരക്ക് യുദ്ധത്തില്‍ എന്ത് സംഭവിക്കും?

കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ കമ്പനികള്‍ കടുത്ത നഷ്ടമാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ കാലം ഇത്തരത്തില്‍ നിരക്കിളവില്‍ മുന്നോട്ടു പോകാന്‍ കമ്പനികള്‍ക്ക് സാധിക്കില്ല
സെപ്‌റ്റോ മുതല്‍ ബ്ലിങ്കിറ്റ് വരെ വിപണി പിടിക്കാന്‍ 'സൗജന്യ' മത്സരത്തില്‍; നിരക്ക് യുദ്ധത്തില്‍ എന്ത് സംഭവിക്കും?
Published on

ക്വിക്ക് കൊമേഴ്‌സ് രംഗത്തേക്ക് കൂടുതല്‍ കമ്പനികള്‍ എത്തിയതോടെ മത്സരവും കടുക്കുന്നു. പ്ലാറ്റ്‌ഫോം ഫീസ് കുറച്ചും കൂടുതല്‍ ഓഫറുകള്‍ നല്കിയും ഉപയോക്താക്കളെ ഒപ്പംകൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തില്‍ കമ്പനികള്‍ ശ്രദ്ധയൂന്നിയതോടെ കടുത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്.

ഓള്‍ ന്യൂ സെപ്‌റ്റോ എക്‌സ്പീരിയന്‍സ് കാംപെയ്‌നിന്റെ ഭാഗമായി സെപ്‌റ്റോ 99 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് യാതൊരു ചാര്‍ജും ഈടാക്കുന്നില്ല. പ്ലാറ്റ്‌ഫോം ഫീ, ഡെലിവറി ചാര്‍ജ് തുടങ്ങിയവ ഒഴിവാക്കിയാണ് സെപ്‌റ്റോ മത്സരത്തിലേക്ക് കടന്നത്. 99 രൂപയ്ക്ക് താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 30 രൂപ ഡെലിവറി ചാര്‍ജുണ്ട്. കൂടുതല്‍ ഉപയോക്താക്കളെ തങ്ങളുടെ കുടക്കീഴിലെത്തിക്കാനാണ് സെപ്‌റ്റോയുടെ നീക്കം.

സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ടും നിരക്ക് വെട്ടിക്കുറച്ച് മത്സരത്തിലേക്ക് എത്തിയിട്ടുണ്ട്. 299 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് നവംബറില്‍ ഫ്രീ ഡെലിവറി നല്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 199 രൂപയ്ക്ക് താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 30 രൂപയും 199 മുതല്‍ 299 രൂപ വരെയുള്ളവയ്ക്ക് 16 രൂപയുമാണ് ഡെലിവറി ചാര്‍ജായി ഈടാക്കുന്നത്.

മറ്റൊരു അതിവേഗ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റും മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. 199 രൂപയ്ക്ക് താഴെയുള്ള ഓര്‍ഡറുകള്‍ക്ക് കമ്പനി 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കുമ്പോള്‍ ഇതിന് മുകൡലേക്കുള്ള ഓര്‍ഡറുകള്‍ക്ക് ചാര്‍ജില്ല. ഫ്‌ളിപ്കാര്‍ട്ട് മിനിറ്റിസും സമാന രീതിയിലാണ് മുന്നോട്ടു പോകുന്നത്. 199 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് കമ്പനി ഫീസ് ഈടാക്കുന്നില്ല.

ഉപയോക്താക്കള്‍ക്ക് നേട്ടം

ക്വിക്ക് കൊമേഴ്‌സ് രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നത് ഉപയോക്താക്കള്‍ക്ക് നേട്ടമാണ്. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് വന്നതും ബ്രാന്‍ഡുകള്‍ക്കൊപ്പം തദ്ദേശീയ കമ്പനികളും മത്സരത്തിലുള്ളതും നിരക്ക് കുറയ്ക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം, കടുത്ത മത്സരം നിലനില്‍ക്കുന്നത് കമ്പനികളുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്.

കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ കമ്പനികള്‍ കടുത്ത നഷ്ടമാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ കാലം ഇത്തരത്തില്‍ നിരക്കിളവില്‍ മുന്നോട്ടു പോകാന്‍ കമ്പനികള്‍ക്ക് സാധിക്കില്ല. ഒരുകാലത്ത് ഇന്ത്യന്‍ ടെലികോം രംഗത്ത് ഇത്തരത്തില്‍ ഓഫര്‍ പെരുമഴയായിരുന്നു. കടുത്ത മത്സരത്തില്‍ ചെറുകിട കമ്പനികള്‍ തകര്‍ന്നു പോകുകയും ടെലികോം സെക്ടര്‍ മൂന്നോ നാലോ കമ്പനികളിലായി ഒതുങ്ങുകയും ചെയ്തു. ഇത്തരമൊരു അവസ്ഥ സംജാതമായാല്‍ ക്വിക്ക് ഡെലിവറി രംഗത്തും കുത്തകവല്‍ക്കരണം നടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Quick commerce giants like Zepto, Instamart, and Blinkit intensify competition with free delivery strategies

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com